തൊഴിലുറപ്പു ക്ഷേമനിധിയും പൂട്ടിക്കെട്ടുന്നു, മൂന്നുവർഷത്തിനിടെ അപേക്ഷിച്ചവർ 17,742 പേർമാത്രം

തിരുവനന്തപുരം: തൊഴിലുറപ്പുതൊഴിലാളികൾക്ക് രാജ്യത്താദ്യമായി തുടങ്ങിയ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിൽ. മാസം 50 രൂപമാത്രം അംശദായം വാങ്ങി കേരളംതുടങ്ങിയ ക്ഷേമനിധിയിൽ കുറഞ്ഞത് ആറുലക്ഷംപേരെയെങ്കിലും ചേർക്കാനായിരുന്നു ലക്ഷ്യം.
പ്രവർത്തനംതുടങ്ങി മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് 17,742 പേർമാത്രം. അംഗീകരിച്ച അപേക്ഷകൾ 14,415. അംശദായം അടച്ചവർ 8345.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെയും അയ്യങ്കാളി നഗരതൊഴിലുറപ്പിലെയും തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനാണ് കഴിഞ്ഞ സർക്കാർ ക്ഷേമനിധിബോർഡ് രൂപവത്കരിച്ചത്. അംഗങ്ങളെ ചേർക്കാൻ ജില്ലകളിൽ പ്രചാരണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല.
ക്ഷേമനിധിയിൽ ചേരാൻ പലരും മടിക്കുന്നതിന് പലകാരണങ്ങളുണ്ട്. കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ക്ഷേമപെൻഷൻ കിട്ടാതാകുമോയെന്ന ആശങ്കയാണ് പ്രധാനകാരണം.
ഏതെങ്കിലും ഒരുപെൻഷനാണ് അർഹത. തൊഴിലുറപ്പിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് രണ്ടാമത്തേത്. നിലവിലുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി, തൊഴിലിലെ മാറ്റങ്ങൾ ജോലി ഇല്ലാതാക്കുമോയെന്നു മിക്കവർക്കും പേടിയുമുണ്ട്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിന് കടുത്തവ്യവസ്ഥകൾ ഏർപ്പെടുത്തിയതോടെ കുറേപ്പേർ ജോലിയുപേക്ഷിക്കുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധിക്കുപകരം വിബി-ജി റാംജി വന്നെങ്കിലും ഹാജർ കുറവാണ്. ദിവസങ്ങൾക്കുമുൻപ് പ്രതിദിനവേതനം 401 രൂപയാക്കിയെങ്കിലും ഇപ്പോഴും അനാകർഷകമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം (രണ്ടുതവണ), ചികിത്സാസഹായം 10,000 രൂപവരെ, അംശദായം അടച്ച് 60 വയസ്സു തികയുന്നവർക്ക് പെൻഷൻ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ മക്കൾക്കും വിവാഹസഹായധനം, ഗുരുതരരോഗം ബാധിച്ചവർക്ക് ചികിത്സാസഹായം, അംഗമോ കുടുംബാംഗമോ മരിച്ചാൽ മരണാനന്തരച്ചെലവ് തുടങ്ങിയവയായിരുന്നു ഉൾപ്പെടുത്തിയ ആനുകൂല്യങ്ങൾ.
പെൻഷൻതുക എത്രയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ക്ഷേമനിധിബോർഡിന്റെ ഭാവി പുതിയസർക്കാരിന്റെ സമീപനത്തെ ആശ്രയിച്ചിരിക്കും.
കേരളത്തിൽ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 20.85 ലക്ഷം സജീവതൊഴിൽകാർഡ് ഉടമകളും 24.85 ലക്ഷം തൊഴിലാളികളും ഒരുവർഷംമുൻപ് ഉണ്ടായിരുന്നു. രണ്ടുലക്ഷത്തോളം തൊഴിലാളികൾ തൊഴിലുറപ്പ് വിട്ടുപോയി.
പുതുതലമുറ തൊഴിലുറപ്പുജോലിയിൽ ചേരാൻ താത്പര്യപ്പെടുന്നതുമില്ല. അയ്യങ്കാളി പദ്ധതി പൂർണമായും സംസ്ഥാനസർക്കാരിന്റെ പണമുപയോഗിച്ചാണ് നടത്തുന്നത്.
മുഖംതിരിച്ച് തൊഴിലാളികൾ
ലക്ഷ്യമിട്ടത് ആറുലക്ഷം, ചേർന്നത് 14,415 പേർ