അധ്യാപകർ ജീവിക്കുന്നു ഡ്രൈവറായും ട്യൂഷനെടുത്തും; സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 16000 അധ്യാപക തസ്തികകൾ

#അനുഷ ഗോവിന്ദ്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കോഴിക്കോട് : ജോലിക്ക് കൂലിയെന്നത് ഏതൊരാളുടെയും അവകാശമാണ്. കൂലിപ്പണിക്കുപോയാലും വൈകുന്നേരമായാൽ കൂലികിട്ടും. എന്നാൽ, രാവിലെമുതൽ വൈകുന്നേരംവരെ പണിയെടുത്തിട്ടും ഒരുരൂപ പോലും ശമ്പളംകിട്ടാത്ത 16,000 അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ഒന്നും രണ്ടും വർഷമല്ല, 10 വർഷത്തിലേറെയായി ഇങ്ങനെ ജോലിചെയ്യുന്നവരുണ്ട്.

സംസ്ഥാനത്ത് പ്രൈമറിവിഭാഗം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയായി അംഗീകാരമില്ലാത്ത 16,000 അധ്യാപക തസ്തികകളുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഹയർസെക്കൻഡറി വിഭാഗത്തിൽമാത്രം നിയമനാംഗീകാരം ലഭിക്കാത്ത 2200-ഓളം അധ്യാപക തസ്തികകളുണ്ടെന്നും അധ്യാപകസംഘടന നേതാക്കൾ പറയുന്നു.

രാവിലെ സ്കൂളിലേക്കിറങ്ങുമ്പോൾ അച്ഛനോടോ ഭർത്താവിനോടോ ബസ്‌ചാർജ്‌ പോലും ചോദിക്കേണ്ട അവസ്ഥ താങ്ങാനാവുന്നതിനപ്പുറമാണെന്ന് നിയമനാംഗീകാരം ലഭിക്കാത്ത ഒരധ്യാപിക പറയുന്നു. അധ്യാപകർക്ക് അതും പറ്റില്ല. “സംഭാവന ചോദിക്കാനോ പിരിവിനോ ആരെങ്കിലും വന്നാൽ ഓടിയൊളിക്കണം. നാട്ടുകാരുടെ കണ്ണിൽ ഞങ്ങൾ അധ്യാപകരാണല്ലോ”- അധ്യാപിക ചോദിക്കുന്നു. ഇത്തരത്തിൽ ഒൻപതും പത്തും അധ്യാപകർവരെ ജോലിചെയ്യുന്ന സ്കൂളുകളുണ്ട്. ശനിയും ഞായറും ട്യൂഷനെടുത്തും ഡ്രൈവറായും നഗരത്തിൽനിന്ന് സാധനങ്ങളെടുത്ത് നാട്ടിലെ കടകളിൽകൊണ്ടുപോയി വിറ്റും കൂലിപ്പണിയെടുത്തും മറ്റുമാണ് പലരും ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. കുടുംബമായി ജീവിക്കുന്നവർ മുന്നോട്ടുപോകാനാവാതെപെടാപ്പാടിലാണ്.

ഈ അധ്യാപകർക്ക് അംഗീകാരം ലഭിക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ ശമ്പളം നൽകുന്ന കാര്യമെങ്കിലും സർക്കാർ പരിഗണിക്കണമെന്നാണ് അധ്യാപകസംഘടനകൾ ആവശ്യപ്പെടുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പ്ലസ്ടു ബാച്ചുകൾ അനുവദിച്ച എട്ടുസ്കൂളുകളിലെ അധ്യാപകർക്ക് 10 വർഷമായി നിയമനാംഗീകാരം ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇവരുടെ തസ്തിക സൃഷ്ടിക്കുകപോലും ചെയ്തിട്ടില്ല. 56 അധ്യാപകരാണ് ഈ സ്കൂളുകളിൽ മാത്രമുള്ളത്. “നിയമനാംഗീകാരം ലഭിച്ചിട്ട് വിവാഹംകഴിക്കാമെന്ന തീരുമാനത്തിൽ വിവാഹിതരാവാത്ത അധ്യാപകർവരെ ഇക്കൂട്ടത്തിലുണ്ട്. മാത്രമല്ല, സ്കൂൾ കഴിഞ്ഞുപോകുന്ന കുട്ടികൾക്ക് ഒരു മിഠായി വാങ്ങികൊടുക്കാൻപോലും പണമില്ലാതെ അധ്യാപകർ തലതാഴ്ത്തിനിൽക്കണം. ശമ്പളമില്ലെന്ന് കുട്ടികളോട് പറയാൻ കഴിയില്ലല്ലോ”-ഒരധ്യാപകൻ ചോദിക്കുന്നു.

Content Highlights: 16,000 Kerala Teachers Unpaid for 10+ Years