അധ്യാപകനില്‍ നിന്ന് MBA ഉത്തരക്കടലാസ് നഷ്ടമായ സംഭവം, റിപ്പോര്‍ട്ട് തേടി കേരള സര്‍വകലാശാല

വിദ്യാർഥികൾക്ക് ലഭിച്ച ഇ-മെയിൽ
വിദ്യാർഥികൾക്ക് ലഭിച്ച ഇ-മെയിൽ

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകനില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍. 

മൂല്യനിര്‍ണയം നടത്താന്‍ ഒരു അധ്യാപകന് നല്‍കിയ 'പ്രൊജക്ട് ഫിനാന്‍സ്' എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാല തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കു ഇ-മെയില്‍ സന്ദേശമായി ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എത്ര വിദ്യാർഥികളെയാണ് പ്രശ്‌നം ബാധിക്കുക, ഏത് അധ്യാപകന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലൊരു വീഴ്ച സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വി.സി ഉത്തരവിട്ടിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട കോഴ്സിന്റെ ഫലപ്രഖ്യാപനം രണ്ടര വര്‍ഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാഫലം വൈകുന്നതിന്റെ കാരണം സര്‍വകലാശാല വിശദീകരിച്ചിരുന്നില്ല.  ഇതിനിടെയാണ് ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിര്‍ണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടുപോയി എന്ന് അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ടുചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ നിശ്ചയിച്ചത്. യാത്ര മദ്ധ്യേയെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്ന് അധ്യാപകന്‍ പരീക്ഷ കണ്‍ട്രോളറെ അറിയിച്ചത്. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനായി അധ്യാപകര്‍ വീട്ടില്‍ കൊണ്ടുപോകുന്നതിന്റെ സാങ്കേതികത്വവും ഇതോടെ ചര്‍ച്ചയാവുകയാണ്. 

വിദ്യാഥികളുടെ ഭാഗത്തുനിന്ന് വിവരം പുറത്തു പോകാതിരിക്കാന്‍ ശ്രമമുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. പകരം നടത്തുന്ന പരീക്ഷയ്ക്ക് പരീക്ഷ ഫീസ് നല്‍കേണ്ടന്നും സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ തന്നെ ജോലിയില്‍ ഉള്‍പ്പടെ പ്രവേശിച്ച വിദ്യാര്‍ഥികള്‍ളുണ്ട്. ഇവരില്‍ പലര്‍ക്കും വീണ്ടുമൊരു പരീക്ഷ കൂടി എഴുതാനുള്ള ബുദ്ധിമുട്ടുകളുണ്ട്. 

കാരണം വ്യക്തമാക്കാതെയാണ് സര്‍വകലാശാല  നാലാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്തുന്നതായി വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്.
 

Content Highlights: Kerala University MBA Exam Papers Lost: Re-exam Ordered, uni ordered probe