1137 ആദിവാസിവീടുകളില്‍ക്കൂടി വൈദ്യുതിയെത്തുന്നു; വൈദ്യുതിവത്കരണം പൂര്‍ണമാകും

#പ്രത്യേക ലേഖകന്‍
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആദിവാസികളുടെ 1137 വീടുകളില്‍ക്കൂടി വൈദ്യുതി എത്തുന്നു. 2017-ല്‍ സമ്പൂര്‍ണ വൈദ്യുതീകരണം കേരളം സാങ്കേതികമായി പ്രഖ്യാപിച്ചെങ്കിലും വൈദ്യുതിയെത്താന്‍ ശേഷിച്ച വീടുകളാണിത്. ദുര്‍ഘടപ്രദേശങ്ങളിലായതും വൈദ്യുതി എത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ ശേഷിയില്ലാത്തതുമായിരുന്നു ഈ വീടുകള്‍ ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായധനത്തില്‍ സൗജന്യമായാണ് ഈ വീടുകള്‍ വൈദ്യുതവത്കരിക്കുന്നത്.

വൈദ്യുതലൈന്‍ വലിക്കാനാവാത്ത വിദൂരവനപ്രദേശങ്ങളിലുള്ള ഏകദേശം 13 ഊരുകളില്‍ക്കൂടി ഇനിയും വൈദ്യുതിയെത്താനുണ്ടെന്ന് മന്ത്രി കെ. കഷ്ണന്‍കുട്ടി പറഞ്ഞു. ഇവിടങ്ങളില്‍ സോളാര്‍, കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം.ആദിവാസിമേഖലകളുടെ സമഗ്രവികസനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ധര്‍തി ആബ ജന്‍ജാതീയ ഗ്രാം ഉത്കര്‍ഷ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്. 6.12 കോടിയാണ് ചെലവ്. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം കെഎസ്ഇബിയും വഹിക്കും.

ഒരു വീട് പൂര്‍ണമായി വൈദ്യുതീകരിക്കാന്‍ 85,000 രൂപയാണ് ചെലവ്. കെഎസ്ഇബി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതാണ് ഈ വീടുകള്‍. ഇടുക്കി, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ ഈ വീടുകളുടെ വൈദ്യുതീകരണം കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തിരുന്നു.
 

Content Highlights: 1137 tribal homes in Kerala get electricity under a joint central-state govt. scheme