'കടുവ എന്നേക്കാള്‍ ഉയരത്തില്‍ ചാടി, തലയ്ക്കടിച്ചു, ഹെല്‍മെറ്റ് തെറിച്ചുപോയി, പിന്നൊന്നും ഓര്‍മയില്ല'

#ജെയ്ൻ എസ്. രാജു \ മാതൃഭൂമി ന്യൂസ്
കടുവയുടെ ആക്രമണമേറ്റ മനു, ​കടുവയുടെ ജഡം | സ്ക്രീൻ​ഗ്രാബ്
കടുവയുടെ ആക്രമണമേറ്റ മനു, ​കടുവയുടെ ജഡം | സ്ക്രീൻ​ഗ്രാബ്

വണ്ടിപ്പെരിയാർ (ഇടുക്കി): ​ഗ്രാമ്പിയിൽ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത്. രണ്ടുപേരും കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കടുവയെ മയക്കുവെടി വെയ്ക്കുന്ന ദൗത്യസംഘത്തിന്റെ മുൻനിരയിലാണ് മനുവുണ്ടായിരുന്നത്. തൊട്ടുപിന്നിൽ ആരോമലും ഡോക്ടറും. കടുവ തേയിലക്കാടിനുള്ളിൽ ഏത് പൊസിഷനിലായിരുന്നു കിടന്നിരുന്നതെന്ന് അറിയാൻ സാധിച്ചിരുന്നില്ലെന്ന് മനു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ആദ്യത്തെ വെടി കൊണ്ടോ ഇല്ലയോ എന്ന് കാണാൻ സാധിച്ചിരുന്നില്ലെന്ന് മനു പ്രതികരിച്ചു. തുടർന്ന് വീണ്ടും ഒരു വെടികൂടി വെയ്ക്കാൻ തീരുമാനിച്ചു. വെടികൊണ്ടതും കടുവ നേരെ വന്നു. തേയിലത്തോട്ടത്തിന് നടുവിലായിരുന്നതിനാൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാഹചര്യമില്ലായിരുന്നു. തന്റെ പിന്നിലായി ആരോമലും ഡോക്ടറും നിൽക്കുന്നതിനാൽ ഒഴിഞ്ഞുമാറിയാലും അവരിൽ ആർക്കെങ്കിലും ആക്രമണമേൽക്കും. ജീവനുതന്നെ ഭീഷണിയുണ്ടാകും എന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുവയെ തടുക്കുകയല്ലാതെ മറ്റുമാർ​ഗമില്ലായിരുന്നുവെന്ന് മനു പറഞ്ഞു.

"കടുവയിൽനിന്ന് രക്ഷപ്പെടാൻ ഷീൽഡ്കൊണ്ടാണ് തടഞ്ഞത്. കടുവയുടെ അടികൊണ്ട് ഷീൽഡ് പൊട്ടി. പിന്നെ എന്നേക്കാളും ഉയരത്തിൽ പൊങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. അടികൊണ്ട് ഹെൽമറ്റ് തെറിച്ചുപോയപ്പോൾ ശരിക്കും പേടിയായി. പിന്നൊന്നും ഓർമയില്ല. കുറച്ചുനേരം കഴിഞ്ഞാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും കടുവയെ കൊണ്ടുപോയിരുന്നു. ഹെൽമറ്റ് ഉള്ളതുകൊണ്ടാണ് വലിയ പ്രശ്നമുണ്ടാകാതിരുന്നത്. കടുവ ദേഹത്തുകയറിയെങ്കിലും ഷീൽഡ് ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ശരീരത്തിന് വേദനയും ക്ഷീണവുമുണ്ട്." മനുവിന്റെ വാക്കുകൾ.

ഹെൽമറ്റ് തെറിപ്പിച്ചശേഷം വീണ്ടും മനുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയപ്പോഴാണ് വെടിവെയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് ഒപ്പം ആശുപത്രിയിൽ കഴിയുന്ന ആരോമൽ പറഞ്ഞു. സ്വയരക്ഷ കരുതിയാണ് വെടിവെച്ചത്. ദൗത്യസംഘം ചെല്ലുമ്പോൾ കടുവ അവശനായി കിടക്കുകയായിരുന്നു. അദ്ഭുതകരമായാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ആരോമൽ ആശ്വാസം പ്രകടിപ്പിച്ചു. 

ക്ഷീണിതനായിരുന്നു കടുവയെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. പല്ലുകളും നഖങ്ങളും കൊഴിഞ്ഞിരുന്നു. മൃ​ഗവേട്ടക്കാരുടെ കെണിയിൽവീണാണ് കടുവയ്ക്ക് പരിക്കേറ്റത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അവശനിലയിലാണ് കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നും റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. കടുവയുടെ ജഡം പിന്നീട് തേക്കടിയിലെത്തിച്ചു. ചൊവ്വാഴ്ചയായിരിക്കും കടുവയുടെ പോസ്റ്റ്മോർട്ടം.

Content Highlights: Two forest guards narrowly escaped a tiger attack in Idukki