'ഗാസയിലെ വെടിക്കെട്ട് ടിവിയിൽ ആസ്വദിക്കുന്നു'; അധ്യാപക ക്ലസ്റ്ററിൽ ഗാസയുദ്ധത്തേക്കുറിച്ചുള്ള പരാമർശത്തിൽ വിവാദം

തിരുവനന്തപുരം: അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനത്തിൽ ഗാസയിലെ യുദ്ധം ‘വെടിക്കെട്ടാ’യി. നാലാം ക്ലാസിലെ കുട്ടികളിൽ സർഗാത്മകത വികസിപ്പിക്കാനുള്ള ആശയമെന്നനിലയിൽ അധ്യാപകരെ പരിശീലിപ്പിച്ച കവിതയിലാണ് ഈ പരാമർശം.
തിരുവനന്തപുരത്തെ ഒരു ഉപജില്ലയിൽ ‘അക്ഷരപഠനം’ സ്‌കൂളിൽ തിരിച്ചുകൊണ്ടുവരണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതും ക്ലസ്റ്ററിൽ ചർച്ചയായി. വീട് എന്ന ആശയത്തിൽ രണ്ടു കവിതകളാണ് അധ്യാപകർക്കു നൽകിയത്. 2009-ൽ പാലക്കാട് അടയ്ക്കാപുത്തൂർ എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കെ. ധനൂപ് എഴുതിയ ഒരു കവിതയിലാണ് ഗാസയെക്കുറിച്ചുള്ള പരാമർശം.
‘അച്ഛൻ ഗാസയിലെ യുദ്ധം ടിവിയിൽ ആസ്വദിക്കുന്നു’ എന്ന വരിയോടെയാണ് കവിതയുടെ തുടക്കം. ഇത് എസ്‌സിഇആർടി മൊഡ്യൂൾ വഴി ക്ലസ്റ്ററിലെത്തിയപ്പോൾ ‘അച്ഛൻ ഗാസയിലെ വെടിക്കെട്ട് ടിവിയിൽ ആസ്വദിക്കുന്നു’ എന്നാക്കി. വീട്ടിൽ ഓരോരുത്തരും ഓരോന്നിൽ മുഴുകിയതിനാൽ ബോംബിട്ടാലും ആരും അറിയില്ല എന്ന ആശയത്തിലാണ് കവിത. പാട്ടും നൃത്തവും നിറയുന്ന വീടിനെക്കുറിച്ചുള്ള മറ്റൊരു കവിതയും താരതമ്യത്തിനായി നൽകി. പരിശീലനത്തിൽ ‘ഗാസ’ വിഷയമാക്കിയതിലും വാക്ക് വക്രീകരിച്ചതിലും നീരസത്തിലാണ് ഒരുവിഭാഗം അധ്യാപകർ.
ആശയങ്ങളിലൂടെ അക്ഷരങ്ങൾ ഹൃദിസ്ഥമാക്കുക എന്ന രീതി മാറ്റി അക്ഷരപഠനം വേണമെന്നാണ് ഒരുവിഭാഗം അധ്യാപകർ ആവശ്യപ്പെട്ടത്. ഇതിനു പിന്തുണലഭിച്ചപ്പോൾ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിനു വിരുദ്ധമായാണ് ഈ ആവശ്യമെന്ന് ഒരു അധ്യാപിക രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പ്രതിപക്ഷം ബഹിഷ്‌കരിച്ചു
തുടർച്ചയായി ആറാം പ്രവൃത്തിദിനത്തിൽ സംഘടിപ്പിച്ചതിനാൽ കെപിഎസ്ടിഎ, കെഎസ്ടിയു സംഘടനകൾ ക്ലസ്റ്റർ ബഹിഷ്‌കരിച്ചു. ഹൈക്കോടതി ഉത്തരവ് സർക്കാർ മറികടന്നെന്ന് കെപിഎസ്ടിഎ പ്രസിഡന്റ് കെ. അബ്ദുൾ മജീദ് കുറ്റപ്പെടുത്തി.
Content Highlights: Gaza Conflict Inspires Controversy in Kerala Teacher Training Program