വേതനമില്ലാതെ രണ്ടുമാസം; ഡിജിറ്റൽ സർവേ ജീവനക്കാർക്ക് ഇത് പട്ടിണിയുടെ വിഷു

കാസർകോട്: പെരുന്നാളിന് പ്രതീക്ഷിച്ചു. അന്നും ശമ്പളമില്ല. വിഷുവിനെങ്കിലും എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷയും ഇല്ലാതായി. സംസ്ഥാനത്ത് ഡിജിറ്റർ റീ സർവേക്കായി നിയോഗിക്കപ്പെട്ടവരാണ് രണ്ടുമാസമായി ശമ്പളമില്ലാതെ തൊഴിലെടുക്കുന്നത്. 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയുമാണ് 2023-ൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന തിരഞ്ഞെടുത്തത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. സർവേ നടപടികൾക്കായി വാഹനം ഓടുന്നവർക്കും ഇന്ധനച്ചെലവുൾപ്പെടെ രണ്ട് മാസത്തെ കുടിശ്ശികയായെന്നാണ് പരാതി.
സാധാരണ മാസത്തിലെ ആദ്യ ആഴ്ചയിൽ ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങിയത്. സർവേയർക്ക് 24,520 രൂപയും ഹെൽപ്പർമാർക്ക് 18,390 രൂപയുമാണ് വേതനം. ഫലത്തിൽ ഈ ജോലിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന 4700 കുടുംബങ്ങളാണ് പട്ടിണിയിലായത്. കടുത്ത ചൂടിലും വില്ലേജുകളിൽ റീസർവേ നടത്തുന്നവരെ എന്തിന് അവഗണിക്കുന്നുവെന്നാണ് കരാർ ജീവനക്കാർ ചോദിക്കുന്നത്. തങ്ങൾക്കും കുടുംബമുണ്ടെന്ന് അധികൃതർ മനസ്സിലാക്കണമെന്നും ഉത്സവാഘോഷ വേളയിലെങ്കിലും വേതനം ലഭിക്കാതിരിക്കുമ്പോൾ കുടുംബത്തിന് മുന്നിൽ നിസ്സഹായരായിരിക്കേണ്ട ഗതികേടാണെന്നും അവർ പറയുന്നു.
ഫെബ്രുവരിയിലെ ബിൽ ട്രഷറിയിൽ കൊടുത്തുവെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടിയെന്ന് ജീവനക്കാർ പറയുന്നു. അപ്പോഴും ഒരുമാസത്തെ ശമ്പള ബിൽ ബാക്കിയാണ്. കാസർകോട് ജില്ലയിൽ കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതര ജില്ലകളിൽ കുറച്ചുപേർക്കും കുറച്ചു ദിവസങ്ങളിലെ മാത്രം വേതനം ലഭിച്ചുവെന്നും മുഴുവൻ നൽകാതിരിക്കുന്നതെന്ത് കൊണ്ടാണെന്നും ഇവർക്കറിയില്ല. സാധാരണഗതിയിൽ കുറച്ചു ദിവസങ്ങളിലെ ശമ്പളമായി വിതരണം ചെയ്യുന്നതും പതിവുള്ളതല്ല. സർവേ ജോലിക്കുള്ള വാഹനം കരാറിനെടുക്കുന്നതാണ്. വാഹനത്തിനുള്ള ഇന്ധനം, അറ്റകുറ്റപ്പണികൾ എന്നിവക്കായി വലിയ തുക ചെലവുണ്ട്. കരാർ തുക കൃത്യമായി ലഭിക്കാതിരിക്കുമ്പോൾ വലിയ ബാധ്യത വരുന്നതായി ഡ്രൈവർമാർ പറയുന്നു.
Content Highlights: 1500 surveyors & 3200 helpers in Kerala`s digital resurvey haven`t received salaries