സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് നാലുകിലോ അരിവീതം നല്‍കും- മന്ത്രി വി. ശിവന്‍കുട്ടി

മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ:മാതൃഭൂമി
മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാലുകിലോഗ്രാം അരിവീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കില്‍നിന്ന് നല്‍കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അരി സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നല്‍കാനും തീരുമാനിച്ചു.

ജില്ലകളില്‍ സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുവരുന്ന അധികച്ചെലവ് നിലവിലെ കടത്തുകൂലി നിരക്കില്‍ത്തന്നെ വഹിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: 2.47 million students from pre-primary to 8th grade will receive 4kg of rice each for Onam