പോയന്റിനെ ചൊല്ലി തര്‍ക്കം; സ്‌കൂള്‍ കായികമേള സമാപന ചടങ്ങില്‍ സംഘര്‍ഷം

സമാപന ചടങ്ങിലുണ്ടായ സംഘർഷം
സമാപന ചടങ്ങിലുണ്ടായ സംഘർഷം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ചടങ്ങില്‍ സംഘര്‍ഷം. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ എന്നിവർ വേദിയിലെത്തിയിരുന്നു. ബഹളത്തെ തുടർന്ന് പോലീസ് അവരെ സുരക്ഷിതമായി മാറ്റി. 

സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന ആക്ഷേപമാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്‌.

വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം പ്രതിഷേധിച്ചു. 'മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ', എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും ആരോപണം ഉയര്‍ന്നു. 

'ഒന്നൊന്നര വര്‍ഷം മഴയെന്നോ വെയിലെന്നോ ഇല്ലാതെ ഗ്രൗണ്ടില്‍ കിടന്ന് കഷ്ടപ്പെട്ടതാ ഞങ്ങളിത്രയും പേര്. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടണം. എങ്കിലേ ഞങ്ങളിവിടുന്ന് പോവൂ. ഇരന്നതല്ല, വര്‍ഷങ്ങളോളം അധ്വാനിച്ച് നേടിയ കപ്പാണ് ചോദിച്ചത്. കോച്ചിനേയും വിദ്യാര്‍ഥികളേയും വരെ കയറി അടിച്ചു. ഞങ്ങളുടെ ടീമിനെ ഡിസ്‌ക്വാളിഫൈ ചെയ്യുമെന്നാണ് പറയുന്നത്. ഇതൊക്കെ എന്ത് നിയമമാണ്'- വിദ്യാര്‍ഥികള്‍ പ്രതികരിച്ചു
 

Content Highlights: Kerala State School Sports meet 2024, police student clash, kerala , Winners