സെക്രട്ടേറിയറ്റിലെ പോലീസുകാരി പാമ്പുകടിയേറ്റ് ആശുപത്രിയിൽ; ഓഫീസിലെ ഫയലുകൾക്കിടയിലും പാമ്പ്

Photo | mathrubhumi
Photo | mathrubhumi

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാജോലിക്കുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ചതായി അഭ്യൂഹം. എന്നാൽ, കടിച്ചത് പാമ്പാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചില്ല. സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മേനംകുളം വനിതാ ബറ്റാലിയനിലെ എറണാകുളം സ്വദേശി അഷിതയ്ക്കാണ് വലതുകാലിൽ കടിയേറ്റത്.

ശനിയാഴ്ച രാത്രി 11 മണിക്കുശേഷമാണ് സംഭവം. പുലർച്ചെ 12 മണിയോടെ സഹപ്രവർത്തകർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ശരീരത്തിൽ വിഷം പ്രവേശിച്ചിട്ടില്ലെന്നാണ് രക്തപരിശോധനയിൽ നിന്നുള്ള പ്രാഥമിക വിവരം. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആശുപത്രിവിടാമെന്ന് അധികൃതർ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ആറോടെ വനംവകുപ്പിന്റെ ടീം നടത്തിയ പരിശോധനയിൽ സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിനു സമീപത്തുനിന്ന് ഒരു പാമ്പിനെ പിടികൂടി. എന്നാൽ, ഇതാണോ പോലീസ് ഉദ്യോഗസ്ഥയെ കടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാത്രി പതിവ് പരിശോധനയ്ക്കായി പോയപ്പോഴാണ് കടിയേറ്റത്. വെളിച്ചക്കുറവുകൊണ്ട് പാമ്പിനെ ചവിട്ടിയതാവാനാണ് സാധ്യത. സോക്‌സ് ധരിച്ചിരുന്ന ഭാഗത്താണ് കടിയേറ്റത്. രണ്ട് പല്ല് ആഴത്തിൽ താഴ്ന്ന മുറിവുണ്ടായിട്ടുണ്ട്.

സെക്രട്ടേറിയറ്റ്‌ വളപ്പിൽ പല ഭാഗങ്ങളിലും കാടുകയറി വിഷജന്തുക്കളുടെ സാന്നിധ്യമുള്ളതായി ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെട്ടിരുന്നു. പരാതിപ്പെടുന്ന വേളയിൽ മാത്രമേ പരിസരം വൃത്തിയാക്കാൻ അധികൃതർ തയ്യാറാവൂ എന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. ഏഴുമാസത്തിനിടെ അഞ്ചുതവണ പാമ്പിനെ കണ്ടെത്തിയതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ജലവിഭവ വകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിൽനിന്ന്‌ പാമ്പുകളെ കണ്ടെത്തിയത്.

പേടിസ്വപ്നമായി പാമ്പുകൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേടിസ്വപ്നമായി പാമ്പുകൾ മാറുകയാണ്. സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നു ജീവനക്കാരുടെ സംഘടനകൾ പറയുന്നു. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടേറിയറ്റ് വളപ്പ് കാടുകയറിയതും കെട്ടിടാവശിഷ്ടങ്ങളും വർഷങ്ങൾ പഴക്കമുള്ള ഫയലുകളും കൂട്ടിയിട്ടിരിക്കുന്നതുമാണ് വിഷജന്തുക്കളുടെ സാന്നിധ്യത്തിന്‌ കാരണം.

ശനിയാഴ്ച അർധരാത്രിയിലാണ്‌ സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന്റെ സമീപത്തുവെച്ച്‌ വനിതാ പോലീസിന്‌ പാമ്പ് കടിയേറ്റത്. ഈ പ്രദേശം കാടുകയറിയ അവസ്ഥയിലാണ്. മരത്തടികളും ചെടികളും അരയ്ക്കൊപ്പം വളർന്നു നിൽക്കുന്നുണ്ട്‌. സുരക്ഷാ ജീവനക്കാരിയെ കടിച്ചെന്നു സംശയിക്കുന്ന പാമ്പിനെ ഞായറാഴ്ച സർപ്പ ടീം പിടികൂടിയിരുന്നു. അതേസമയം, പാമ്പുകളെ പിടികൂടുന്നതും ജീവനക്കാർക്കും മറ്റും കടിയേൽക്കുന്നതും ജീവനക്കാർക്ക് സ്ഥിരമാണെന്ന ആരോപണവുമുണ്ട്. ഈ മാസം നാലിന് ഭക്ഷ്യവകുപ്പിന്റെ സി സെക്ഷനിലെ ഷെൽഫുകൾക്കിടയിൽനിന്ന്‌ പാമ്പിനെ കണ്ടെത്തിയിരുന്നു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പുപിടിത്തക്കാരെത്തി നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.

Content Highlights: A female police officer was bitten by a snake at the Kerala Secretariat