സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളം പിന്നോട്ട്; ആദ്യ രണ്ട് സ്ഥാനങ്ങളിൽ ആന്ധ്രയും തമിഴ്നാടും

#കെ.പി. പ്രവിത
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളം രണ്ടിൽനിന്ന് മൂന്നാം സ്ഥാനത്തേക്ക്. കഴിഞ്ഞ സാമ്പത്തികവർഷത്തെ സമുദ്രോത്പന്ന കയറ്റുമതി കണക്കുകളനുസരിച്ച് കേരളം ആന്ധ്രപ്രദേശിനും തമിഴ്‌നാടിനും പിന്നിലാണ്. മൂല്യവർധിത ഉത്പന്നങ്ങളിലുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ തയ്യാറാക്കിയാലേ കേരളത്തിന് ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനാകൂ.

ഒന്നാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് 2024-25 വർഷത്തിൽ 2,536.77 മില്യൺ യുഎസ് ഡോളറിന്റെ (21,816 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതിയാണ് നടത്തിയത്. ഈ കാലത്ത് കേരളത്തിൽനിന്നുള്ള കയറ്റുമതി 829.42 മില്യൺ യുഎസ് ഡോളറിന്റേതാണ് (7133 കോടി). 2023-24 വർഷം കേരളത്തിൽനിന്നുള്ള കയറ്റുമതി 882 മില്യൺ യുഎസ് ഡോളറിന്റേതായിരുന്നു (7585 കോടി). മത്സ്യബന്ധനത്തിലുണ്ടായ ഇടിവുൾപ്പെടെയുള്ള ഘടകങ്ങൾ കേരളത്തിന് ദോഷം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതിയിൽ പുതുമുഖമായ തെലങ്കാന കഴിഞ്ഞ സാമ്പത്തിക വർഷം 73.44 മില്യൺ യുഎസ് ഡോളറിന്റെ (631 കോടി) കയറ്റുമതിയാണ് നടത്തിയത്.

രാജ്യത്തെ തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ കൊച്ചി തുറമുഖം മൂന്നാം സ്ഥാനത്തുണ്ട്. വിശാഖപട്ടണം (31.52%), നവി മുംബൈയിലെ ജെഎൻപിടി (10.81%), കൊച്ചി (9.70%), ചെന്നൈ (7.75%), കൊൽക്കത്ത (7.49%) എന്നിങ്ങനെയാണ് തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതിയുടെ കണക്ക്. 130 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽനിന്ന് സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തത്.

ശ്രദ്ധവേണം മൂല്യവർധിത ഉത്പന്നങ്ങളിൽ

കേരളം മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി.വി. സ്വാമി ചൂണ്ടിക്കാണിക്കുന്നു. മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ കാര്യത്തിൽ കേരളത്തിന്റെ വിഹിതം ഇപ്പോൾ 10.51 ശതമാനമാണ്. ആന്ധ്രപ്രദേശിന്റേത് 49.48 ശതമാനവും തമിഴ്‌നാടിന്റേത് 18.37 ശതമാനവും മഹാരാഷ്ട്രയുടേത് 17.18 ശതമാനവുമാണ്. എന്നാൽ, ഉത്പന്ന വൈവിധ്യം കേരളത്തിൽ ഏറെയുണ്ട്. ഇതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഴ കനക്കുന്നത് ഉൾപ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങൾ മൂലവും മറ്റും മത്സ്യബന്ധനത്തിന് വിലക്ക് വരുന്നത് കേരളത്തിൽ പിടിക്കുന്ന മീനിന്റെ അളവ് കുറയ്ക്കുന്നുണ്ട്. ചെറിയ മത്സ്യങ്ങൾ പിടിച്ച് ഫിഷ്‌മീൽ ഫാക്ടറികളിലേക്ക് നൽകുന്നതും ലഭ്യതക്കുറവിന് കാരണമാകുന്നു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള സമുദ്രോത്‌പന്ന കയറ്റുമതി

  • ആന്ധ്രപ്രദേശ് - 2,536.77 മില്യൺ യുഎസ് ഡോളർ (21,816 കോടി)
  • തമിഴ്‌നാട് - 840.11 മില്യൺ യുഎസ് ഡോളർ (7225 കോടി)
  • കേരളം - 829.42 മില്യൺ യുഎസ് ഡോളർ (7133 കോടി)
  • ഗുജറാത്ത് - 702.75 മില്യൺ യുഎസ് ഡോളർ (6043 കോടി)
  • ബംഗാൾ - 518.71 മില്യൺ യുഎസ് ഡോളർ (4461 കോടി)

Content Highlights: Kerala's Seafood Exports Slip to Third Place Nationally