സ്‌കൂളിൽ ഇനി ബിരിയാണി കിട്ടില്ല കേട്ടോ...; ചോറും രണ്ട് കറികളും, LDF കാലത്തെ മെനു വെട്ടി UDF സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്തി പുതിയ യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന വിഭവസമൃദ്ധമായ മെനു വെട്ടിചുരുക്കി, ലളിതമായ ഭക്ഷണക്രമം നടപ്പിലാക്കാനാണ് പുതിയ മാർഗ്ഗരേഖയിലെ നിർദ്ദേശം.
പിണറായി സർക്കാരിന്റെ കാലത്ത് കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഇനിമുതൽ സ്‌കൂളുകളിൽ ലഭിക്കില്ല. പുതിയ സർക്കുലർ പ്രകാരം ചോറും രണ്ട് കറികളും മാത്രമായിരിക്കും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
സാമ്പിൾ മെനുവിലായി ക്യാബേജ് തോരൻ, സാമ്പാർ, ചീരതോരൻ, പരിപ്പുകറി, ചെറുപയർ തോരൻ, കോവക്ക തോരൻ തുടങ്ങിയ പത്ത് വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഫണ്ടിന്റെ കുറവുമാണ് വിഭവസമൃദ്ധമായ മെനു വെട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രതിദിനം ആറു രൂപ 19 പൈസയും, ആറ് മുതൽ എട്ട് വരെ ക്ലാസ്സിലുള്ളവർക്ക് ഒമ്പത് രൂപ 11 പൈസയുമാണ് അനുവദിച്ചിരിക്കുന്നത്. ഈ തുകയ്ക്ക് ചോറും കറിയും പോലും നൽകാൻ പ്രയാസമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, കേരളത്തിൽ ഉച്ചഭക്ഷണ മെനു വെട്ടിചുരുക്കുമ്പോൾ അയൽസംസ്ഥാനമായ തമിഴ്‌നാട് കൂടുതൽ വിഭവസമൃദ്ധമായ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ചെന്നൈയിലെ സ്‌കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകും. കൂടാതെ, നിലവിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി സെപ്റ്റംബർ മുതൽ കൂടുതൽ കുട്ടികൾക്കായി വിപുലീകരിക്കാനും തമിഴ്‌നാട് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Content Highlights: UDF government officially replaces the LDF-era elaborate menu. Biryani, fried rice, and lemon rice removed from school meals. New menu restricted to rice and two side dishes. Budget constraints and rising commodity prices cited as primary reasons. Comparison with Tamil Nadu's expanding meal schemes under CM J. Joseph Vijay.