പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഫയൽ അദാലത്ത്: 4970 ഫയലുകൾ തീർപ്പാക്കി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി തൈക്കാട് ഗവ ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ഫയൽ അദാലത്തിൽ 4970 ഫയലുകൾ തീർപ്പാക്കി. 52,759 ഫയലുകളാണ് വകുപ്പുകളിൽ തീർപ്പാക്കാതെ ഉണ്ടായിരുന്നത്.

2019 വരെയുള്ള ഫയലുകൾ, പുതിയ സർക്കാർ അധികാരമേറ്റ 2026 മേയ് 18 മുതൽ 2026 ജൂൺ 30 വരെയുള്ള ഫയലുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് അദാലത്ത് നടത്തിയത്. ഫയലുകൾ തീർപ്പാക്കുന്നത് ഒരു തുടർപ്രവർത്തനമാക്കി മാറ്റുമെന്നും ഫയലുകളുടെ എണ്ണം കുറയ്ക്കുകയല്ല ജനങ്ങൾക്ക് നീതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നീതി വൈകുന്നത് വലിയ അനീതിയാണ് എന്ന തിരിച്ചറിവിലാണ് ഫയൽ അദാലത്തിന് തുടക്കമിട്ടത്. എല്ലാ ജില്ലാ ഓഫീസുകളിലും ഫയൽ അദാലത്ത് നടന്നുവരികയാണ്. പെൻഡിങ് ഫയലുകൾ തീർപ്പാക്കാൻ സമയോചിതമായി ഇടപെടും. ചികിത്സാ സഹായം ഉൾപ്പെടെയുള്ള അടിയന്തര ഫയലുകൾ വേഗത്തിൽ നീർപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വകുപ്പിൽ ഒരുപാട് പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്. ദാക്ഷായണി സ്വയംതൊഴിൽ വായ്പ പദ്ധതി, ഉന്നതികളുടെ സമഗ്ര വികസനം, ഭവന പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും. 90 ദിവസം കൊണ്ട് തന്നെ ഈ നേട്ടം കൈവരിക്കാൻ കഴിയും. പദ്ധതികൾ പൂർത്തിയായതിന് ശേഷം രണ്ടാം ഘട്ട ഫയൽ അദാലത്ത് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർ മിഥുൻ പ്രേം രാജ്, പട്ടികജാതി വകുപ്പ് ഡയറക്ടർ കെ. ഹിമ, പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് രാമലിംഗം, കെ.എസ്. ബി.സി.ഡി.സി എംഡി അഞ്ജു. കെ.എസ്, മിനിസ്‌റ്റർ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം.എസ്, സ്പെഷ്യൽ സെക്രട്ടറി മിനിമോൾ, വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.