വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല; കേന്ദ്ര നിർദേശം തള്ളി കേരളം; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി

കൊച്ചി: സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അരശതമാനം ഉയർത്താനുള്ള പ്രധാന നിബന്ധനയായിരുന്നു വൈദ്യുതി ബോർഡിന്റെ ഓഹരിവിപണിയിലേക്കുള്ള പ്രവേശനം. ഇതോടെ 2026-27 സാമ്പത്തികവർഷത്തിൽ കേരളത്തിന് ഏതാണ്ട് 8,145 കോടി രൂപയിലധികം കുറവുണ്ടാകും.
രാജ്യത്തെ വൈദ്യുതി കമ്പനികളെല്ലാം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഓഹരിവിൽപ്പന തുടങ്ങിവെക്കാൻ കേന്ദ്രം നിർദേശിച്ചത്. ഒന്നരവർഷം മുൻപ് വൈദ്യുതിമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും നിർബന്ധം പിടിക്കുകയോ സമ്മർദംചെലുത്തുകയോ ചെയ്തിരുന്നില്ല. ഇത്തവണ സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കി അധിക കടമെടുപ്പ് പരിധി ഉയർത്താനുള്ള ആദ്യ നിബന്ധനയായി ഇത് ഉൾപ്പെടുത്തി. കേന്ദ്ര ഊർജമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അഭിപ്രായമറിയിക്കാനുള്ള ഓഫീസ് മെമ്മോറാണ്ടം സംസ്ഥാനങ്ങൾക്ക് നൽകിയത്.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംസ്ഥാനസർക്കാരുകൾക്കു കീഴിലെ വൈദ്യുതി ബോർഡുകളെല്ലാം ഉത്‌പാദനം (ജെൻകോ), പ്രസരണം (ട്രാൻസ്‌കോ), വിതരണം (ഡിസ്‌കോം) എന്നിങ്ങനെ മൂന്ന് കമ്പനികളാണ്. ഈ മൂന്നെണ്ണത്തിൽ ഏതെങ്കിലും ഒരെണ്ണം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് നിബന്ധന. കേരളം ഇതെല്ലാംചേർത്ത് ഒറ്റക്കമ്പനിയായാണ് കെ.എസ്.ഇ.ബി.യെ നിലനിർത്തിയത്.
കേന്ദ്ര നിബന്ധനയനുസരിച്ച് ചെയ്യണമെങ്കിൽ വൈദ്യുതി ബോർഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യേണ്ടി വരും. ഇതിനു തയ്യാറല്ലെന്ന മറുപടിയാണ് കേരളം നൽകിയത്.
സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കില്ല -മന്ത്രി സണ്ണി ജോസഫ്
എറണാകുളത്ത് വെള്ളിയാഴ്ച നടന്ന കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാനസമ്മേളനത്തിൽ ഇതു സംബന്ധിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വ്യക്തതവരുത്തി. സ്വകാര്യമേഖലയ്ക്ക് വൈദ്യുതി ബോർഡിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും പൊതുമേഖലയിൽ ബോർഡിനെ നിലനിർത്തേണ്ടത് ജീവനക്കാരുടെ മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala officially rejected the Centre's directive to list KSEB shares on the stock market., The share sale was a mandatory condition to increase the state's borrowing limit by 0.5 percent., The state faces a financial shortfall of over Rs 8,145 crore for the 2026-27 fiscal year as a result., Electricity Minister Sunny Joseph clarified that KSEB will not be handed over to the private sector.