ചരിത്ര കൗൺസിൽ ചെയർമാൻ നിയമനം; ആരോപണം തള്ളി ഡോ. ബി. അശോക്

#പി. മുരളീധരന്‍
ഡോ.ബി.അശോക് | ഫോട്ടോ: മാതൃഭൂമി
ഡോ.ബി.അശോക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സെർച്ച് കമ്മിറ്റി ശുപാർശകൾ മറികടന്ന് കേരള ചരിത്രഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർമാനെ നിയമിച്ചെന്ന ആരോപണം തള്ളി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. സെർച്ച് കമ്മിറ്റി അംഗമായ പ്രൊഫ. വി.ജെ. വർഗീസ് അയച്ച കത്തിൽ ഉന്നയിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കി.

ചരിത്ര കൗൺസിലിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ 8(1) വകുപ്പുപ്രകാരം ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലെ എക്‌സ്ഒഫീഷ്യോ അംഗമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. കൂടാതെ, നാലാം ഉപവകുപ്പ് പ്രകാരം കമ്മിറ്റി നൽകുന്ന പാനൽ നിരസിക്കാനും പുതിയത് ആവശ്യപ്പെടാനും സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും സർക്കാരിന് പൂർണ അധികാരമുണ്ട്.

സെർച്ച് കമ്മിറ്റി രണ്ടുതവണ യോഗംചേർന്നിട്ടുണ്ട്. സെപ്തംബർ ഒന്നിനു നടന്ന ആദ്യയോഗത്തിൽ തയ്യാറാക്കിയ പാനലിലെ രണ്ടുപേർ നിയമനത്തിന് അനുയോജ്യരല്ലാത്തതോ ഉടൻ ലഭ്യമല്ലാത്തവരോ ആയിരുന്നതിനാൽ അവ തിരിച്ചയച്ചു. ഒക്ടോബർ 24-ലെ രണ്ടാമത്തെ യോഗത്തിൽ അംഗങ്ങൾ നിർദ്ദേശിച്ച മൂന്ന് അധിക പേരുകളും എക്‌സ്ഒഫീഷ്യോ അംഗം നിർദ്ദേശിച്ച ഒരു പേരും ഉൾപ്പെടെ എല്ലാ നിർദ്ദേശങ്ങളും യാതൊരു വെട്ടിച്ചുരുക്കലുമില്ലാതെ നിയമനാധികാരിക്ക് സമർപ്പിച്ചു- മറുപടിയിൽ സെക്രട്ടറി പറയുന്നു.

എല്ലാ അംഗങ്ങൾക്കും വ്യക്തിപരമായ മുൻഗണനകൾ അറിയിക്കാൻ അവസരം നൽകിയിട്ടുണ്ട്. നിയമനാധികാരിക്ക് നിർദ്ദേശങ്ങൾ പുനഃപരിശോധിക്കാനോ നിരസിക്കാനോ ഉള്ള അധികാരമുപയോഗിച്ചാണ് പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുത്തത്. അതിനാൽ, പ്രൊഫ. വർഗീസ് ഉന്നയിച്ച പരാതികൾ വസ്തുതകളുമായി പൊരുത്തപ്പെടാത്തതാണെന്നും അതിനാൽ പരിഗണിക്കാനാവില്ലെന്നും കത്ത് വ്യക്തമാക്കുന്നു.

'ചെയർമാനെ തീരുമാനിച്ചത് മന്ത്രി, വിവാദം അടിസ്ഥാനരഹിതം'

പുതിയ ചെയർമാൻ പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കൽ സ്ഥാനം ആവശ്യപ്പെടുന്ന യോഗ്യതകൾ ഉള്ളയാളാണ്. ആരെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയാണ്, തീരുമാനിച്ചതും അദ്ദേഹം തന്നെ, ഡോ ബി അശോക് പറഞ്ഞു.

ചെയർമാനുമായി സഹകരിച്ചു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാകാം ചിലർ രാജി വെച്ചത്. അത് അവരുടെ സ്വാതന്ത്ര്യം. നാമനിർദ്ദേശം ചെയ്യപ്പെടുന്നവരാണ് നിർവാഹകസമിതി അംഗങ്ങൾ. ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കിൽ പകരക്കാരെ വെക്കും. പേരുകൾ നിർദ്ദേശിച്ചതോടെ സെർച്ച് കമ്മിറ്റിയുടെ ജോലി കഴിഞ്ഞു, ഡോ. അശോക് വ്യക്തമാക്കി.

സമിതിയംഗം മാത്രമായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറെപ്പോലെ ഇടപെട്ടെന്നും രണ്ടാം യോഗത്തിൽ കൺവീനറെ മറികടന്ന് ഒപ്പിട്ടുവെന്നുമുള്ള ആരോപണം അസംബന്ധമാണെന്ന് ഡോ. അശോക് പറഞ്ഞു. തന്റെ കീഴിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സമീർ സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് ആ ചുമതല നിർവഹിച്ചത്. എല്ലാ സെർച്ച് കമ്മിറ്റിയംഗങ്ങളെയും പോലെ താനും ഒരാളെ ശുപാർശ ചെയ്തു, അദ്ദേഹം പറഞ്ഞു.

ചരിത്ര കൗൺസിലിന്റെ സംഘിവത്കരണമാണ് നടക്കുന്നതെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'അതിനുള്ള മാപിനികൾ അവരുടെ കൈയിലാണല്ലോ ഉള്ളത്' എന്നായിരുന്നു മറുപടി. 

പുതിയ ചെയർമാന്റെ നിയമനത്തെ തുടർന്ന് നിർവാഹക സമിതിയിൽനിന്നു പ്രൊഫ. ജാനകി നായർ, ഡോ. ലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ. മനു വി. ദേവദേവൻ എന്നിവർ രാജിവെച്ചിരുന്നു.

Content Highlights: Higher Education Principal Secretary Dr. B. Ashok dismissed allegations regarding the appointment of the KCHR chairman, asserting that the selection process strictly adhered to the institution's Memorandum of Association.