ശ്രീധരന്റെ പാത വന്നാലും സ്വീകരിക്കും; ആർ.ആർ.ടി.എസിനും ശ്രമം തുടരാൻ സംസ്ഥാനം

കോട്ടയം: തിരഞ്ഞെടുപ്പിനുമുൻപ് ഏതെങ്കിലുമൊരു തദ്ദേശീയ വേഗ റെയിൽപ്പാതയ്ക്ക് അനുമതിനേടാൻ സംസ്ഥാനം. സിൽവർലൈൻ, ഇപ്പോൾ പ്രഖ്യാപിച്ച റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ പദ്ധതി എന്നിവയിലൊന്നിന് അനുമതികിട്ടുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാനം വെച്ചുപുലർത്തുന്നു.
ഇ. ശ്രീധരന്റെ പദ്ധതിയെയും അദ്ദേഹം ഒാഫീസ് തുറന്നതിനെയും മന്ത്രിമാർ വിമർശിച്ചെങ്കിലും ആ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെങ്കിൽ തള്ളിക്കളയില്ലെന്ന നിലപാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശ്രീധരന്റെ പാതയെക്കുറിച്ച് എം.പി.മാരുെട ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമായ മറുപടിപറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ലെന്നത് സംസ്ഥാന സർക്കാരിനുള്ള സൂചനയാണ്. അദ്ദേഹം തന്റെ പദ്ധതിക്ക് ശ്രമം നടത്തുന്നുമുണ്ട്. അതൊന്നും തള്ളേണ്ടതില്ലെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാന സർക്കാർ.
കേരള സർക്കാർ സിൽവർലൈനിനായി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. എന്നാൽ, കേന്ദ്രം ആ പദ്ധതിയിൽ ആഗ്രഹിക്കുന്നതെന്തെന്ന് റെയിൽവേ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. പാത ബ്രോഡ്ഗേജാകണം, മറ്റു റെയിൽശൃംഖലയിൽ ചേരുന്നതാകണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. അതിനർഥം ഡി.പി.ആർ. പരിഷ്കരിക്കണമെന്നാണ്.
എന്നാൽ, സ്റ്റാൻഡേഡ് ഗേജിലുള്ള സ്വതന്ത്ര അർധ അതിവേഗപാതയാണ് സംസ്ഥാനം ഉദ്ദേശിച്ചതെന്നും മാറ്റങ്ങളുടെ പുതിയ നിർദേശം ലഭിച്ചില്ലെന്നും കെ-റെയിൽ എം.ഡി. വി. അജിത്ത് കുമാർ പറഞ്ഞു.
സിൽവർലൈനിനെ കേന്ദ്രം നിരാകരിച്ചിട്ടില്ലെങ്കിലും അതിൽ അനുമതി എളുപ്പമല്ലെന്ന് സംസ്ഥാനത്തിനും ബോധ്യമുണ്ടെന്ന് സംസ്ഥാന ഗതാഗതമന്ത്രാലയത്തിലെ ഉന്നതൻ പറഞ്ഞു. അതാണ് ആർ.ആർ.ടി.എസുമായി വരാൻ കാരണം. ആർ.ആർ.ടി.എസ്. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് കീഴിൽ വരുന്നതാണ്. നാഷണൽ റീജണൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കഴിഞ്ഞമാസം സംസ്ഥാന ഗതാഗതമന്ത്രാലയം ചർച്ചകൾ നടത്തിയിരുന്നു. പദ്ധതിനടത്തിപ്പിൽ അവർക്ക് മുൻപരിചയമുണ്ട്.
ആർ.ആർ.ടി.എസിന് അനുമതിലഭിക്കാൻ താരതമ്യേന എളുപ്പമാണെന്ന വിദഗ്‌ധോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് കത്തുനൽകിയത് ഇൗ സാഹചര്യത്തിലാണ്.
Content Highlights: Kerala pursues a rapid rail project, evaluating SilverLine, RRTS, and E. Sreedharan`s semi-high-speed proposal. Explore the options and government stance.