ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

.
.

തിരുവനന്തപുരം: അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുവപ്പ് ജാഗ്രതാനിർദേശം പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതാനിർദേശവും നൽകി. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ ജാഗ്രതാനിർദേശമാണുള്ളത്.

ബംഗാൾ ഉൾക്കടലിനു മുകളിൽ തമിഴ്‌നാട് തീരത്തിനു സമീപം ഉയർന്നനിലയിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം നേരിയ, ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഓഗസ്റ്റ് എട്ടുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും ബുധനാഴ്ച 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ചയും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ഈ മേഖലയിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കുന്നു.

Content Highlights: kerala rains 2025 rain alerts kerala