അനുമതികിട്ടിക്കഴിഞ്ഞാൽ എല്ലാം ലംഘിക്കും, പാറമട ചരിച്ച് പൊട്ടിച്ചില്ലെങ്കിൽ ദുരന്തം; തെളിവായി കോന്നി

പത്തനംതിട്ട: പാറമട ചരിച്ച് പൊട്ടിച്ചില്ലെങ്കിൽ ദുരന്തം ഉണ്ടാകുമെന്നതിന് തെളിവായി കോന്നി പയ്യനാമണ്ണിലെ ക്വാറി അപകടം. രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പയ്യനാമൺ ചെങ്കുളത്തെ പാറമട 90 ഡിഗ്രി കുത്തനെയാണ് പൊട്ടിച്ചുകൊണ്ടിരുന്നത്.
സംസ്ഥാനത്തെ 90 ശതമാനം ക്വാറികളിലും കുത്തനെയാണ് പാറ പൊട്ടിക്കുന്നത്. ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം (സെസ്), സംസ്ഥാന സർക്കാരിന് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് പാറപൊട്ടിക്കാനുള്ള ശാസ്ത്രീയനിർദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. ഇതിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് കാണിച്ചാണ് ക്വാറികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നതും.
എന്നാൽ, അനുമതി കിട്ടി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ എല്ലാം ലംഘിക്കുന്നതായാണ് കാണുന്നത്. കുത്തനെ പൊട്ടിച്ചാൽ ആരും തടയുകയുമില്ല.
വേണ്ടത് പരമാവധി 30 ഡിഗ്രി ചരിവ്
ഭൂനിരപ്പിൽനിന്ന് പരമാവധി 30 ഡിഗ്രി ചരിച്ച് പാറപൊട്ടിക്കാം. ഓരോ അഞ്ച് മീറ്റർ കുടുമ്പോഴും ഓരോ തട്ട് (ബെഞ്ച്) വേണം. ഈ തട്ടിന് അഞ്ചുമീറ്റർ വീതിയും ഉണ്ടാകണം. പാറ തുരക്കാനുള്ള യന്ത്രം, ലോറി തുടങ്ങിയവയ്ക്ക് എത്താനാണ് അഞ്ചുമീറ്റർ വഴി. എന്നാൽ കോന്നിയിൽ അപകടമുണ്ടായ പാറമട കുത്തനെയാണ് ഇപ്പോഴുള്ളത്.
കുത്തനെ പൊട്ടിക്കുന്നത് കൊള്ളലാഭം നോക്കി
30 ഡിഗ്രി എന്ന വ്യവസ്ഥ പാലിക്കാതെ 90 ഡിഗ്രി കുത്തനെ പൊട്ടിക്കുമ്പോൾ അധികം പ്രയത്‌നം ഇല്ലാതെ പാറ അടർന്നുവീഴും. ഇതുമൂലമുള്ള ലാഭമാണ് വ്യവസ്ഥ ലംഘിക്കാൻ പ്രേരണയാകുന്നത്. സ്‌ഫോടനം നടത്തുമ്പോൾ ഉയരത്തിൽനിന്നുള്ള പാറകൾ അടർന്നുവീഴും. മിക്കയിടത്തും കുത്തനെയാണ് പാറ പൊട്ടിക്കുന്നതെന്നാണ് വിവരം.
വെള്ളം ഇറങ്ങുന്നതിനും ആക്കംകൂടും
സഹ്യപർവതത്തിലെ പാറകളിൽ സ്വാഭാവിക വിള്ളലുകളുണ്ട്. ക്വാറിയുടെ മുകളിൽനിന്ന് മഴക്കാലത്ത് വെള്ളം ഈ പൊട്ടലുകളിലൂടെ ഇറങ്ങും. സ്‌ഫോടനം ഉണ്ടാകുന്നിടത്ത് ഇത് കൂടും. പാറ അടർന്നുവീഴാനും ഇടയാക്കും. കുത്തനെ പൊട്ടിക്കുമ്പോൾ അടരാനുള്ള സാധ്യത ഇരട്ടിയിലേറെയാകും.
മഴക്കാലത്ത് ഖനനം നിരോധിക്കണം
ഉപരിതലത്തിൽനിന്ന് വെള്ളം പാറയിലെ പൊട്ടലിലൂടെ ഇറങ്ങുമ്പോൾ പൊട്ടിക്കുന്നത് കൂടുതൽ അപകടമാണ്. വെള്ളം കിനിഞ്ഞിറങ്ങുന്നതിനെ മൗണ്ടൻ ബ്ലോക്ക് റീച്ചാർജ് എന്നാണ് വിളിക്കുന്നത്. മഴക്കാലം മുഴുവൻ പാറഖനനം നിരോധിക്കേണ്ടതാണ്. ഇപ്പോൾ അപകടം നടന്ന ക്വാറിയിലും ഖനനനിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
-ഡോ.ഡി. പദ്മലാൽ, ഹൈഡ്രോളജിവിഭാഗം മുൻ അധ്യക്ഷൻ, ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം, തിരുവനന്തപുരം.
Content Highlights: A Kerala quarry accident highlights the dangers of steep rock cutting