PSCയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ, സ്വന്തക്കാരെയും പാർട്ടി ബന്ധുക്കളെയും നിയമിച്ചു- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: PTI
വി.ഡി. സതീശൻ | Photo: PTI

തിരുവനന്തപുരം: സർക്കാരിനോട് ആലോചിക്കാതെയാണ് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവർണർ ശുപാർശ ചെയ്തതെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടല്ല അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിനോട് ആലോചിച്ചിട്ടു വേണമായിരുന്നു അത്തരമൊരു അഭിപ്രായം പറയേണ്ടിയിരുന്നത്. ഭരണഘടന അനുസരിച്ച് ഗവർണർ സർക്കാരിന്റെ കൂടി അഭിപ്രായമാണ് അറിയിക്കേണ്ടത്. ഗവർണർ അങ്ങനെയൊരു ശുപാർശ കൊടുത്തുവെന്ന് പറഞ്ഞ് പി.എസ്.സിയിലെ ക്രമക്കേടുകൾ മറയ്ക്കാൻ പറ്റില്ല. ഇപ്പോൾ കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നത് ഇതും പറഞ്ഞ് പി.എസ്.സിക്കാരെ മുഴുവൻ രക്ഷിക്കാനുള്ള ക്യാമ്പയിനാണെന്നും അദ്ദേഹം വിമർശിച്ചു.

പി.എസ്.സിയിൽ നടന്നത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തക്കാരെയും ബന്ധുക്കളെയും ഒക്കെ നിയമിച്ചിരിക്കുകയാണ്. കാത്തിരുന്ന് ട്രെയിനിങ് സെന്ററിൽ പോയി പഠിച്ച് പരീക്ഷ എഴുതിയ പാവപ്പെട്ട ചെറുപ്പക്കാരെയെല്ലാം മാറ്റി നിർത്തി സ്വന്തക്കാരെയും പാർട്ടി ബന്ധുക്കളെയും നിയമിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സിയുടെ വിശ്വാസ്യത മുഴുവൻ തകർക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശമായ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഗവർണർ നൽകിയ ശുപാർശ പ്രകാരം പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നത് അനൗചിത്യമാണ്.

അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കും. പി.എസ്.സിയിലെ വിഷയങ്ങളും ഗവർണർ കൊടുത്ത ശുപാർശയും രണ്ട് കാര്യങ്ങളാണ്. അതു വരുമ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെയർമാന്റെ നിയമനം ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കും. ധാരാളം പരാതികൾ ഇപ്പോൾ വരുന്നുണ്ട്. കിട്ടുന്ന പരാതികൾ അന്വേഷണസംഘത്തിന് കൈമാറുന്നുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ നേരത്തെ പരാതി കൊടുക്കാൻ മടിച്ച നിരവധി ആളുകൾ പരാതിയുമായി വരുന്നുണ്ട്. ഒരു പരീക്ഷയിലല്ല, ഒരുപാട് പരീക്ഷകളുമായി ബന്ധപ്പെട്ട് ഗൗരവകരമായ പരാതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.