ഒപ്പുവെക്കാൻ മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കിയോ, ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നിൽ എന്ത്? ചോദ്യങ്ങൾ ബാക്കി

തിരുവനന്തപുരം: 'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിൽ ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ' മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്. വൈദ്യുതി വാങ്ങുന്നതിനായുള്ള കരാറിൽ ഒപ്പിടാൻ തനിക്കുമേൽ സമ്മർദ്ദം ഉണ്ടായെന്നുള്ള ആരോപണം ഉയർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു വാചകം പറഞ്ഞത്.
ആരാണ് മുഖ്യമന്ത്രിയെ ഫയലിൽ ഒപ്പിടുവിക്കാൻ സമ്മർദ്ദം ചെലുത്തിയതെന്നും ഇതിന് പിന്നിലെ താത്പര്യം എന്തായിരുന്നുവെന്നുമുള്ള ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
രണ്ട് ഓപ്ഷനാണുണ്ടായിരുന്നത് ഹിമാചലിന്റെ വൈദ്യുതി യൂണിറ്റിന് 14.50 രൂപയും ജിഎൻഎയുടേത് 8.63 രൂപ മുതൽ 8.93 രൂപ വരെയുമായിരുന്നു വില എന്ന് മുഖ്യമന്ത്രി പറയുന്നു. ഇതിൽ ഹിമാചലിന്റെ വൈദ്യുതി രാജസ്ഥാൻ കൊണ്ടുപോയി, ഇനി ജി.എൻ.എ ആണ് ഓപ്ഷനുള്ളത്. ഈ ഫയലിൽ തീരുമാനമെടുത്തില്ലെങ്കിൽ നവംബർ 1 മുതൽ സംസ്ഥാനത്ത് ദീർഘകാല പവർകട്ട് ഉണ്ടാകും എന്ന റിപ്പോർട്ടാണ് കെഎസ്ഇബി മുഖ്യമന്ത്രിക്ക് നൽകിയത്. എം.ജി.രാജമാണിക്യം ആയിരുന്നു ഈ സമയം വൈദ്യുതി ബോർഡ് ചെയർമാൻ.
ഈ റിപ്പോർട്ടിന് പിന്നാലെ 22 ദിവസമായി മുഖ്യമന്ത്രി ഫയലിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഒന്നാം തീയതി മുതൽ വലിയ പവർകട്ട് ഉണ്ടാകുമെന്നും ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തി ഫയലിൽ ഒപ്പുവെപ്പിക്കാൻവേണ്ടി ശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് പിന്നീട് വന്ന കെഎസ്ഇബി ചെയർമാൻ എൻ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് നൽകുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറയുന്നു.
ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട് നിരക്കുകൾ താരതമ്യം ചെയ്യുന്ന ഫയൽ കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി മന്ത്രി വഴിയാണ് തന്റെ മുന്നിലേക്ക് എത്തിയതെന്നും അതിനാൽ ഇക്കാര്യങ്ങൾ മന്ത്രി അറിഞ്ഞില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുകയുണ്ടായി. തന്നെ സമ്മർദ്ദത്തിലാക്കിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മുഖ്യമന്ത്രി വൈദ്യുതിയുമായി ബന്ധപ്പെട്ട ഫയൽ ബോർഡിൽ നിന്ന് ആദ്യം മന്ത്രിക്ക് മുമ്പാകെ എത്തുകയും അവിടെ നിന്നാണ് മുഖ്യമന്ത്രിയുടെ മുമ്പിലെത്തുന്നതെന്ന് അറിയില്ലേ എന്ന് ചോദിക്കുന്നു. അതോടൊപ്പം തിരികെ മുഖ്യമന്ത്രി അത് വിലയിരുത്തി കുറിപ്പ് സഹിതം തിരികെ മന്ത്രിക്ക് തന്നെയാണ് അയക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി സണ്ണി ജോസഫും തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹിമാചലിൽനിന്ന് വാങ്ങുന്നതാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തിന്റെ നിലപാടിനൊപ്പമായിരുന്നു ആദ്യംമുതൽ മന്ത്രി. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്കു വിട്ടപ്പോൾ ബോർഡിന്റെ നിർദേശം തള്ളി ജി.എൻ.എ.യിൽനിന്ന് വാങ്ങാനുള്ള തീരുമാനമാണുണ്ടായത്. ഇതിന് മുൻകൈയെടുത്ത പുനീത് കുമാറിനെ ഊർജസെക്രട്ടറിയായും നിയമിച്ചു. ഇതോടെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രണ്ടുതട്ടിലായിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നുള്ള പുതിയ കെഎസ്ഇബി ചെയർമാന്റെ റിപ്പോർട്ടും വൈദ്യുതി മന്ത്രി തള്ളിയിരുന്നു.
Content Highlights: Chief Minister claims pressure was exerted on him to quickly sign the power purchase file., KSEB initially reported a possible long-term power cut starting November 1 if the GNA agreement was delayed., A later report by KSEB stated there was no immediate power crisis., Contradicting statements from the CM and electricity minister highlight internal governance rifts.