സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ചില മേഖലകളിൽ നിയന്ത്രണം ഉണ്ടാകുക. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഇപ്പോഴും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇന്നും നിയന്ത്രണം ആവശ്യമായി വരുന്നത്.

സംസ്ഥാനത്ത് മഴ തീരെ ലഭിക്കാത്തതും അന്തരീക്ഷ ഊഷ്മാവ് വലിയ തോതിൽ ഉയർന്നതുമാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. ചൂട് ക്രമാതീതമായി വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം പീക്ക് സമയങ്ങളിൽ വലിയ തോതിൽ കൂടിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയരാൻ കാരണമായി.

ഉപഭോഗം വർധിച്ചതിനൊപ്പം കേന്ദ്ര ഗ്രിഡിൽ നിന്നുണ്ടാകുന്ന വൈദ്യുതിയുടെ ലഭ്യതക്കുറവും തിരിച്ചടിയായി. ഏകദേശം 12,000 മെഗവാട്ടിന്റെ കുറവാണ് കേന്ദ്ര ഗ്രിഡിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിലുള്ളത്. ഇതേ തുടർന്ന് ഇന്നത്തെ ദിവസവും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 600 മുതൽ 800 മെഗവാട്ട് വരെ അധിക ആവശ്യകതയാണ് ഉണ്ടാകുകയെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.

കേന്ദ്ര ഗ്രിഡിൽ കടുത്ത ദൗർലഭ്യം നേരിടുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യമായ തത്സമയ വൈദ്യുതി വിലയ്ക്ക് വാങ്ങാനും കെഎസ്ഇബിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും സംസ്ഥാനത്തെ ചില മേഖലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്.

Content Highlights: KSEB announced a potential Kerala power cut today between 6 PM and midnight. High temperatures, soaring air conditioner usage, and a central grid shortage have triggered a peak-hour deficit in electricity supply.