വൈദ്യുത പ്രതിസന്ധി താൽക്കാലികം, ഒക്ടോബർ ഒന്നുമുതൽ പരിഹാരം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി കേരളസർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്. 2500 മെഗാവാട്ടിലേറെ സോളാർ ഊർജം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങൾ നമുക്കില്ല. സോളാർ ഊർജം സംഭരിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും.
കഴിഞ്ഞ സെപ്തംബറിനേക്കാൾ 925 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഈ സെപ്തംബറിൽ പലകാരണങ്ങൾ കൊണ്ട് കൂടിയത്. അതിനനുസരിച്ച് ആസൂത്രണം ഉണ്ടായിട്ടില്ല. ദീർഘകാല കരാറുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാരുള്ളത്. ന്യൂക്ലിയർ പവർ കോർപ്പറേഷനിലുൾപ്പെടെ പോയി ചർച്ച നടത്തുന്നുണ്ട്. 6000 മെഗാവാട്ടാണ് നമുക്കിപ്പോൾ വേണ്ടത്. നാല് വർഷം കഴിയുമ്പോൾ ഇത് 10,000 മെഗാവാട്ടാകും. അത് മുൻകൂട്ടി കണ്ടിട്ടുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതെല്ലാം തെറ്റായ പ്രചാരണമാണ്.
പവർ കട്ട് കുറച്ചുകൊണ്ടുവരുന്നുണ്ട്. ഒരാഴ്ച കൂടിയേ നിലവിലെ പ്രശ്‌നങ്ങളുണ്ടാവുകയുളളൂവെന്നാണ് കരുതുന്നത്. പ്രതിസന്ധി എല്ലായിടത്തുമുണ്ട്. ബിജെപി ഭരിക്കുന്നിടത്തും എല്ലാം സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. ഒക്ടോബർ ഒന്നുമുതൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Chief Minister VD Satheesan assured that the current electricity crisis in Kerala is temporary., Discussions are underway with eight states to procure power and resolve the shortage., Lack of battery storage for solar energy and a surge in consumption led to the deficit., Long-term plans include talks with the Nuclear Power Corporation to meet future demands of up to 10,000 megawatts., Power cuts are expected to reduce, with normalcy anticipated by October 1.