കേരളം ഇരുട്ടിലാകാതിരിക്കാൻ സോളാറും ഊർജസംഭരണവും നിർണായകം; ‘സി-ബെസ്സ്' സംഭരണ സംവിധാനങ്ങളാകുമോ?

#ഡോ. പ്രിയ പിള്ള
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കേരളത്തിലെ വൈദ്യുതി ഉത്‌പാദന, വിതരണ സംവിധാനം നിർണായകമായ മാറ്റത്തിന്റെ ഘട്ടത്തിലാണ്. പുനരുപയോഗ ഊർജോത്പാദനം, പ്രത്യേകിച്ച് പുരപ്പുറ സൗരോർജം, അതിവേഗം വർധിക്കുമ്പോഴും ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കുന്നതിൽ സംസ്ഥാനം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമല്ല, അത് ആവശ്യമുള്ള സമയത്ത് ലഭ്യമാക്കുകകൂടിയാണ് കേരളത്തിന്റെ വെല്ലുവിളി.

കേരളം ഇറക്കുമതിചെയ്യുന്ന ഏതാണ്ട് 78 ശതമാനം വൈദ്യുതിയിൽ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത് ഫോസിൽ ഇന്ധനമുപയോഗിച്ചാണ്. 22 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്ഥാപിതശേഷിയിൽ ജലവൈദ്യുതി 2000 മെഗാവാട്ടും സൗരോർജം 2600 മെഗാവാട്ടും കാറ്റാടി 72 മെഗാവാട്ടുമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ നമ്മുടെ ആഭ്യന്തര ഉപയോഗം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കവിഞ്ഞു. ഈ സാഹചര്യത്തിൽ, 2030-ഓടെ 10,000 മെഗാവാട്ട് വരെ ആവശ്യമുയരുമെന്നു കരുതുന്നു.

പാളിപ്പോകുന്ന കണക്കുകൂട്ടലുകൾ

കാലാവസ്ഥയ്ക്കനുസരിച്ച് അതിവേഗം മാറുന്ന വൈദ്യുതാവശ്യങ്ങൾ നിറവേറ്റാൻ അതിസങ്കീർണമായ ഞാണിൻമേൽക്കളിയാണ് കെ.എസ്.ഇ.ബി. നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഊർജാവശ്യങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കേണ്ട സന്ദർഭമാണിത്. സാമ്പത്തികവും പാരിസ്ഥിതിക സുസ്ഥിരതയുംസംബന്ധിച്ച അവബോധവും അതോടൊപ്പം വളർച്ചനിരക്കും ഊർജസുരക്ഷയും പരിഗണിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സമീപനവും ഇതിൽ പ്രധാനമാണ്. മുൻകാലങ്ങളിൽ സംസ്ഥാനത്തിന്റെ വൈദ്യുതാവശ്യങ്ങളെ നിറവേറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ളത് വൻകിട ജലവൈദ്യുതപദ്ധതികളാണെങ്കിലും അവയെമാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോകുന്നത് ആശാസ്യമല്ല.

വൻകിട ജലവൈദ്യുതപദ്ധതികളിൽനിന്ന് വ്യത്യസ്തമായി പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് സംവിധാനങ്ങൾക്ക് ഗുണപരമായ ശേഷിയുണ്ടെങ്കിലും കേരളത്തിൽ ഇവ നടപ്പാക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളുടെ പരിമിതിയും പാരിസ്ഥിതിക നിയന്ത്രണങ്ങളും വെല്ലുവിളികളാണ്. മാത്രമല്ല, പുതിയ റിസർവോയറുകൾ നിർമിക്കേണ്ട സാഹചര്യങ്ങളിൽ വേണ്ടിവരുന്ന 6-7 വർഷ നിർമാണകാലയളവ് അടിയന്തര ഊർജാവശ്യങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തവുമല്ല. ജലവൈദ്യുത പദ്ധതികളിൽനിന്ന് ഒഴുക്കിവിടുന്ന ജലത്തിന് വൈദ്യുതി ഉത്പാദനത്തിനപ്പുറം മറ്റുപല ധർമങ്ങളും നിവർത്തിക്കേണ്ടതുണ്ട് എന്നതും മറന്നുകൂടാ.

സോളാറും ഊർജസംഭരണവും

കേരളത്തിനാവശ്യം ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിയോടോ ഉത്പാദനരീതിയോടോ ഉള്ള പരിപൂർണമായ ആശ്രിതത്വമല്ല. മറിച്ച്, ഊർജസുരക്ഷയും സ്വയംപര്യാപ്തതയും ഘടനാപരമായിത്തന്നെ സാധ്യമാവുന്ന ഊർജമുന്നേറ്റമാണ്. സോളാർ വൈദ്യുതിയാണ് ഇന്ന് കേരളത്തിന്റെ പുനരുപയോഗ ഊർജോത്പാദനത്തിൽ മുന്നിൽനിൽക്കുന്നത്. 2020 മുതൽ 2026 വരെയുള്ള കണക്കെടുത്താൽ ഉത്പാദനം 275 മില്യൺ യൂണിറ്റ് -ൽനിന്ന് ഒൻപത് മടങ്ങ് വർധിച്ച് 2421 മില്യൺ യൂണിറ്റ് കവിഞ്ഞു. ഈ വളർച്ചയുടെ പ്രയോജനം പൂർണമായി ലഭിക്കാൻ ഊർജസംഭരണം നിർണായകമാണ്.

പ്രാദേശികമായും വികേന്ദ്രി തമായും ഉത്പാദിപ്പിക്കുന്ന സൗരോർജവും ജനകീയക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെടുന്ന ഊർജസംഭരണവും (Community Battery Energy Storage Systems (C-BESS) ചേർന്ന സംവിധാനത്തിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാലോചിക്കേണ്ട സന്ദർഭമാണിത്.

പുരപ്പുറ സൗരോർജപ്ലാന്റുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൂന്നിൽരണ്ടുഭാഗവും തത്‌സമയം ഗ്രിഡിലേക്ക് നൽകുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വൈദ്യുതി ബോർഡ് പറയുന്നു. ഇതുമൂലം ഉപഭോഗം ഏറ്റവും കൂടുതൽ ഉണ്ടാവുന്ന വൈകുന്നേരങ്ങളിൽ ഈ സൗരോർജം ഉപയോഗിക്കാൻ നിലവിൽ സംവിധാനമില്ല. എന്നുമാത്രമല്ല പീക്ക് മണിക്കൂറുകളിൽ നമുക്കാവശ്യമായ വൈദ്യുതി ഇറക്കുമതിചെയ്യേണ്ടിവരുകയും ചെയ്യുന്നു. പലയിടത്തും പുരപ്പുറ സോളാർശേഷി വിതരണ ട്രാൻസ്ഫോർമറുകളുടെ അനുവദനീയ പരിധിയോടടുത്തതോടെ കൂടുതൽ സംവിധാനങ്ങളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനും തടസ്സങ്ങൾ നേരിടുന്നു.

ഈ സാഹചര്യത്തിലാണ് പ്രാദേശികതലത്തിലുള്ള ഊർജസംഭരണ സംവിധാനം (C-BESS) ഏറ്റവും നിർണായകമാകുന്നത്. പകൽ മിച്ചമായി ഉത്പാദിപ്പിക്കുന്ന സൗരോർജം സംഭരിച്ച് വൈകുന്നേരത്തെ ഉയർന്ന ആവശ്യത്തിന് ഉപയോഗിക്കാൻ സി ബെസ്സ് സഹായിക്കും.

ഊർജാവബോധം

ഊർജാസൂത്രണം കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ ഘടകങ്ങളുണ്ട്. ഡിമാൻഡ്-സൈഡ് മാനേജ്‌മെന്റ് (DSM-ഊർജസംരക്ഷണം മുൻനിർത്തിയും പാഴ്‌ച്ചെലവ് ഇല്ലാതാക്കിയും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട വിവേകപൂർണമായ ഇടപെടൽ) അതിൽ പ്രധാനപ്പെട്ടതാണ്. ഇതുവഴി ഭീമമായ അടിസ്ഥാനനിക്ഷേപം ആവശ്യപ്പെടുന്ന പുതിയ ഊർജോത്പാദന പദ്ധതികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. ഗ്രിഡിലെ സമ്മർദം കുറയ്ക്കുന്നതിനും വൈദ്യുതിസംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി, ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്നതും അത്യാവശ്യമില്ലാത്തതുമായ വൈദ്യുതി ഉപഭോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

വിവിധമേഖലകളിലെ വൈദ്യുതി ആവശ്യകത വ്യത്യസ്ത സമയങ്ങളിലേക്ക് ക്രമീകരിക്കുന്ന രീതി നടപ്പാക്കിയാൽ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കാം. ഇത് പ്രാദേശിക വൈദ്യുതിവിതരണ സംവിധാനങ്ങൾക്കുമേലുള്ള അധികസമ്മർദം കുറയ്ക്കും. അതേസമയം, പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിന് പ്രാദേശികമായി ഉത്‌പാദിപ്പിക്കുന്ന പുനരുപയോഗ ഊർജത്തിന് മുൻഗണനനൽകണം. ചെലവേറിയതും അനിശ്ചിതത്വം നിറഞ്ഞതുമായ വൈദ്യുതി മാർക്കറ്റിനോടുള്ള ആശ്രിതത്വം പരമാവധി കുറയ്ക്കുന്നതിന്, ഊർജസംഭരണ സംവിധാനങ്ങൾ വികസിപ്പിക്കണം.

ഇതോടൊപ്പം, പ്രദേശിക പുനരുപയോഗ ഊർജോത്പാദനം, സംഭരണം, സംരക്ഷണം, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയിൽ തുടർച്ചയായ മൂലധന നിക്ഷേപം ഉണ്ടാകണം. ഇത് ഊർജരംഗത്ത് കേരളത്തിനുള്ള ഘടനാപരമായ ആശ്രിതത്വം ക്രമേണ കുറച്ച്‌ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കും.

രണ്ടു പതിറ്റാണ്ടിലേറെയായി ഊർജമേഖലയിൽ പ്രവർത്തിക്കുന്ന ലേഖിക അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ് സിന്റെനേതൃത്വം വഹിക്കുന്നു

Content Highlights: Kerala's power consumption crossed 6000 MW, with demand expected to reach 10,000 MW by 2030., Solar power generation grew ninefold from 2020 to 2026, exceeding 2421 million units., Community Battery Energy Storage Systems (C-BESS) are crucial for managing peak hour electricity demands., Demand-Side Management (DSM) and local energy storage can reduce dependency on expensive power imports.