അധികവൈദ്യുതി വാങ്ങേണ്ടെന്ന് കെഎസ്ഇബി; രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ സംശയം, പരിശോധിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെഎസ്ഇബി. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു.
കെഎസ്ഇബി ചെയർമാനായിരിക്കേ, നവംബറിൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടാകുമെന്ന് എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള രാജ്യമാണിക്യത്തിന്റെ നിർദേശവും പരിശോധിക്കും.
അധികവൈദ്യുതി വാങ്ങേണ്ടാത്ത സാഹചര്യമായതിനാൽ, സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോവുകയാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 500 മെഗാവാട്ട് വൈദ്യുതി പ്രതിദിനം മുഴുവൻസമയവും 8.90 രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു സർക്കാർ. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബിയും ഊർജ സെക്രട്ടറിയും അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനി ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങില്ല.
നവംബറിൽ വലിയ വൈദ്യുതിക്ഷാമമുണ്ടാകുമെന്ന് രാജമാണിക്യം സർക്കാരിനെ അറിയിക്കുകയും മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കുകയും ചെയ്തുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സമ്മർദം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
Content Highlights: KSEB states no additional electricity purchase is required for November and December., Chief Minister ordered a review of the previous report regarding power shortages submitted by M.G. Rajamanikyam., The government has stepped back from purchasing power through the private platform GNA at Rs 8.90 per unit., Investigation initiated into the pressure behind the proposal to buy electricity from Himachal Pradesh.