സിഎംആർഎലിന് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയിട്ടില്ല, വീണ എല്ലാം സമ്മതിച്ചെന്നത് പച്ചക്കള്ളം- പിണറായി

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | Photo: Mathrubhumi
പിണറായി വിജയൻ | Photo: Mathrubhumi

കണ്ണൂർ: സി.എം.ആർ.എൽ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് പഴയ ആരോപണങ്ങളുടെ പുതിയ തിരക്കഥയാണെന്നും ഇത്തരം നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എക്സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ  അന്ന് സി.എം.ആർ.എല്ലിന് യാതൊരുവിധ വഴിവിട്ട ആനുകൂല്യങ്ങളും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എം.ആർ.എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായ ഇടപാടാണെന്ന് മുൻപ് വാദിച്ച ഇ.ഡി, ഇപ്പോൾ അത് വഴിവിട്ട സഹായത്തിനുള്ള കൈക്കൂലിയാണെന്ന് മാറ്റിപ്പറയുകയാണ്. മുഖ്യമന്ത്രിയായിരുന്ന താൻ എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാൻ ആരോപണമുന്നയിക്കുന്നവർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കംചെയ്യൽ, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ് നൽകൽ, എക്സാലോജിക്കിന് പണംനൽകൽ എന്നീ മൂന്ന് ആരോപണങ്ങളും വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീം കോടതിയും മുൻപ് പരിശോധിച്ചതാണ്. കേസ് എടുക്കാൻ തക്ക വസ്തുതകളില്ല എന്നുകണ്ട് കോടതികൾ തള്ളിയ കാര്യങ്ങളാണ് വീണ്ടും പുതിയ അന്വേഷണത്തിന്റെ മറവിൽ ഉയർത്തുന്നത്. വീണ എല്ലാം സമ്മതിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും കോടതികൾക്ക് മുൻപാകെ വീണയടക്കം കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി ആരോപിച്ചു.

എൽ.ഡി.എഫിനും സി.പി.ഐ.എമ്മിനും എതിരെ നടക്കുന്ന സംഘടിതമായ കടന്നാക്രമണത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021-ലെ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബി.ജെ.പിയും യു.ഡി.എഫും സർക്കാരിനെതിരെ ഏകോപനത്തിൽ എത്തിയിരുന്നു. തുടർഭരണം ലഭിച്ചതോടെ അവർ കടുത്ത മത്സരത്തിലാണ്. പോലീസിന് നൽകുന്ന കത്തുകൾ സാധാരണ ഉടൻ പുറത്തുവരാറില്ലെങ്കിലും സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് ലഭിക്കുന്നതിന് മുൻപാണോ അതിനുശേഷമാണോ ഇത് മാധ്യമങ്ങളിൽ വന്നതെന്ന കാര്യം വാർത്തകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പിണറായി പറഞ്ഞു. ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എത്ര കടുപ്പമേറിയ നീക്കമുണ്ടായാലും തളരാതെ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ട് സജീവമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Pinarayi Vijayan alleges political motives behind the ED's actions in the CMRL issue., Claims a coordinated attack by BJP and UDF to destabilize the LDF government., Questions how investigation details reached media before reaching the state police chief.