‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

#ന്യൂസ് ഡെസ്ക്

സ്വകാര്യത ലംഘിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി പോലീസ്. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. ഇത് മൂന്ന് വർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്..

മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൽ വലിയ ചർച്ചകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാതെ ദൃശ്യങ്ങൾ പകർത്തി പബ്ലിഷ് ചെയ്യുന്നതിനെതിരേ സാമൂഹ-സാംസ്‌കാരിക-സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു.

Content Highlights: Unauthorized filming is a violation of the fundamental Right to Privacy., Section 66E of the IT Act 2000 mandates up to 3 years imprisonment., Offenders face fines up to 2 lakh rupees., Public and social media trends do not override individual privacy rights., Kerala Police is actively monitoring and warning against such intrusions.