സോഷ്യൽമീഡിയയിൽ താരങ്ങളായി IPS ഉദ്യോഗസ്ഥരും; ‘ജനപ്രീതി’യിൽ ന്യൂയോർക്ക് പോലീസിനെ മറികടന്ന് കേരള പോലീസ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ ലോകത്തെത്തന്നെ ഏറ്റവും ജനപ്രതീയുള്ള പോലീസ്‌സേനയായ കേരള പോലീസിന് പിന്നാലെ ഉദ്യോഗസ്ഥരും സാമൂഹികമാധ്യമങ്ങളിലെ താരങ്ങളാകുന്നു. ന്യൂയോർക്ക് പോലീസിനെ മറികടന്നാണ് കേരള പോലീസ് ഒന്നാമതെത്തിയത്. ഫെയ്‌സ്ബുക്കിൽ 23 ലക്ഷം ഫോളോവേഴ്‌സാണ് കേരള പോലീസിനുള്ളത്. ഇൻസ്റ്റഗ്രാമിൽ 23 ലക്ഷവും.
ഇതിനൊപ്പമാണ് പല ഉന്നത ഉദ്യോഗസ്ഥരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സായി മാറിക്കഴിഞ്ഞത്. ആഘോഷങ്ങളും ബോധവത്‌കരണ വീഡിയോകളുമായെത്തുന്ന ഉദ്യോഗസ്ഥർക്ക് വൻപിന്തുണയാണ് ലഭിക്കുന്നത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയെ 1.15 ലക്ഷം പേരാണ് പിന്തുടരുന്നത്. ഓണാഘോഷവും പോലീസ് പരിപാടികളും എല്ലാം പങ്കുവെക്കുന്ന അക്കൗണ്ടിൽ 160 ഓളം പോസ്റ്റുകളാണുള്ളത്.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയനെ ഇൻസ്റ്റഗ്രാമിൽ 24,400 പേർ പിന്തുടരുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടികളും ബോധവത്‌കരണ ക്ലാസുകളുംമുതൽ വ്യക്തിപരമായ അനുഭവങ്ങൾവരെ പങ്കുവെക്കുന്ന വിജയന്റെ പോസ്റ്റുകൾക്കും ലൈക്കുകൾ ഏറെയാണ്. ഡി.ജി.പി. മനോജ് എബ്രഹാം, കാർത്തിക് തുടങ്ങിയ ഉദ്യോഗസ്ഥർ ഫെയ്‌സ്ബുക്കിലാണ് സജീവം. മനോജ് എബ്രഹാമിന് 93,000-ത്തോളം ഫോളോവേഴ്‌സാണുള്ളത്. കണ്ണൂർ ജില്ലാ പോലീസ് പോലീസിന്റെ പേജിനും 46,500 ഫോളോവേഴ്‌സുണ്ട്. ജയിൽ ഡി.ജി.പി. എസ്. ശ്രീജിത്ത്, കാസർകോട് ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് എന്നിവരും ഇൻസ്റ്റഗ്രാമിലെ താരങ്ങളാണ്.
Content Highlights: Kerala Police surpasses New York Police to become the most popular police force globally on social media., Kerala Police boasts 2.3 million followers on both Facebook and Instagram., Senior police officers like DIG Yatheesh Chandra and ADGP P. Vijayan have gained massive followings as influencers.