ഹെലികോപ്റ്റർ കരാർ ഇന്നവസാനിക്കും; മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് തിരിച്ചെത്തിയാൽ അന്തിമതീരുമാനം

തിരുവനന്തപുരം: പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർക്കാലാവധി ശനിയാഴ്ച അവസാനിക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി മൂന്നുമാസംമുൻപ് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്കുശേഷം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് തിരിച്ചെത്തിയാൽ അന്തിമതീരുമാനമുണ്ടാകും. വി.വി.ഐ.പി. യാത്രകൾ, അവയവദാനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവരുന്നത്.
കരാർ പുതുക്കുക അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ വാടകയ്ക്ക് എടുക്കുക എന്നീ വഴികളാണുള്ളത്. വാടകയ്ക്ക് ഏതുസമയത്തും ലഭിക്കുമെങ്കിലും വൻതുക നൽകേണ്ടിവരും. കരാർ തുടരുന്നതാണ് ലാഭമെന്നാണ് പോലീസ് മേധാവി ചൂണ്ടിക്കാട്ടുന്നത്. മൂന്നുവർഷത്തേക്കാണ് ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽനിന്ന് പോലീസ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. നിലവിലെ നിരക്കിൽ രണ്ടുവർഷത്തേക്കുകൂടി കരാർ തുടരാം. മാസം 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ ഹെലികോപ്റ്റർ ഉപയോഗിക്കാം. ഇതുകഴിഞ്ഞാൽ മണിക്കൂറിനനുസരിച്ച് വാടക നൽകണം. 25 മണിക്കൂർ പരിധികടന്ന് ഇതുവരെ ഉപയോഗിച്ചിട്ടില്ല.
മാവോവാദി പരിശോധന, അവയവദാനം, പ്രകൃതിദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ഹെലികോപ്റ്റർ ആവശ്യമാണെന്ന് ഡി.ജി.പി.യുടെ റിപ്പോർട്ടിലുണ്ട്. വി.വി.ഐ.പി. യാത്രകൾക്കും റോഡ് മാർഗത്തെക്കാൾ ലാഭകരമാണെന്നും ശുപാർശയുണ്ട്.
പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് ധൂർത്താണെന്ന് വി.ഡി. സതീശൻ വിമർശിച്ചിരുന്നു.
Content Highlights: Kerala Police helicopter lease contract expires on Saturday., State Police Chief recommended contract renewal three months ago., Final decision rests with the Chief Minister upon returning from Delhi., Helicopter used for VVIP travels, organ transplants, and anti-Maoist operations., Current contract with Chipson Aviation costs Rs 80 lakh per month for 25 hours.