വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ കരാർ ഓഗസ്റ്റിൽ തീരും, വീണ്ടും കരാറുണ്ടാക്കുമോ? തീരുമാനംകാത്ത് പോലീസ്

തിരുവനന്തപുരം: സംസ്ഥാന പോലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ കരാർ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകേണ്ട ഹെലികോപ്ടറിനായി വീണ്ടും കരാറുണ്ടാക്കണോയെന്നത് പുതിയ സർക്കാർ തീരുമാനിക്കും. എൽ.ഡി.എഫ്. സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ യു.ഡി.എഫ്. എതിർപ്പുയർത്തിയിരുന്നു.
മാവോവാദി നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവർത്തനം, അടിയന്തര ഘട്ടങ്ങളിൽ വിശിഷ്ടവ്യക്തികളുടെ യാത്ര എന്നീ ആവശ്യങ്ങൾക്കാണ് ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. മൂന്നുവർഷത്തേക്കാണ് ചിഫ്‌സൺ ഏവിയേഷനുമായി കരാറുണ്ടാക്കിയത്. എന്നാൽ അപൂർവമായി മാത്രമാണ് ഹെലികോപ്ടർ ഉപയോഗിച്ചത്. മാസം 25 മണിക്കൂർ പറക്കുന്നതിനാണ് 80 ലക്ഷം രൂപ. പറന്നില്ലെങ്കിലും പണം നൽകണം. ഒരുമാസവും ഈ ഹെലികോപ്ടർ ഇത്രയും സമയം പറന്നിട്ടില്ലെന്നാണ് വിവരം.
മാവോവാദി നീരക്ഷണത്തിനും മറ്റുമായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഫണ്ടിൽനിന്നാണ് ഹെലികോപ്ടറിന് വാടക നൽകിയിരുന്നത്. നിലവിൽ കേന്ദ്രഫണ്ട് 75 ശതമാനം കുറച്ചതിനാൽ കരാർ തുടരുകയാണെങ്കിൽ വാടകപ്പണം സർക്കാർ കണ്ടെത്തേണ്ടിവരും. അവയവദാനവുമായി ബന്ധപ്പെട്ട് ഏഴുപ്രാവശ്യം ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്ടർ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നു.
Content Highlights: Helicopter lease contract with Chipsan Aviation concludes in August 2026., Monthly rental cost is 80 lakh rupees regardless of flight usage., Central government funding for the project has been reduced by 75%., The helicopter was rarely utilized for the intended 25 hours per month., Future renewal depends on a decision by the incoming government.