സ്റ്റേഷൻ ചുമതലയ്ക്ക് എസ്.ഐ. വേണ്ടാ, ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകുന്നതിലൂടെ പുറകോട്ട് സഞ്ചരിക്കുകയാണെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. സർക്കാരിന് സമർപ്പിച്ച പ്രമേയത്തിലാണ് എസ്.എച്ച്.ഒ.മാരായി പരിചയസമ്പന്നരായ ഇൻസ്പെക്ടർമാർതന്നെ തുടരണമെന്ന് ആവശ്യപ്പെട്ടത്. എ.എസ്.ഐ, എസ്.ഐ., ഇൻസ്പെക്ടർ എന്നിവരുൾപ്പെട്ടതാണ് സംഘടന.

ഓരോ അഡീഷണൽ ഇൻസ്പെക്ടർ തസ്തികകൂടി ഉണ്ടാക്കണമെന്നും പ്രമേയത്തിൽ പറയുന്നു. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷനാണ് എസ്.എച്ച്.ഒ. ആയി ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും വേണമെന്ന ശുപാർശ നൽകിയത്. 15 മുതൽ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ.മാർക്ക് കൈമാറാനാണ് സർക്കാർ തീരുമാനം.

പോലീസ് സംഘടനകളുടെ പരിഷ്കരണവും നിയമവിരുദ്ധമാണെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. എസ്.ഐ. തുടങ്ങി എസ്.പി. റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ ഒരേ സംഘടനയിൽ വരുന്നത് പ്രതിസന്ധികളുണ്ടാക്കും. പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളിൽ ഭൂരിപക്ഷവും എസ്.ഐ. റാങ്കിലുള്ളവരാകും. ഇതിനാൽ, ഭൂരിപക്ഷവിഭാഗമായ എസ്.ഐ. റാങ്കിലുള്ളവർമാത്രം നേതൃസ്ഥാനത്തേക്ക് വരാം. ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥർ പദവി ഉപയോഗപ്പെടുത്തി സംഘടനാനേതൃത്വത്തിലേക്ക് വരാനും സാധ്യതയുള്ളതിനാൽ നിലവിലെ സ്ഥിതി തുടരണം. ഓഫീസേഴ്‌സ് അസോസിയേഷനെ ഇല്ലാതാക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: Police Officers Association opposes appointing SIs as SHOs., Demand for experienced Inspectors to continue as SHOs as per Justice K.T. Thomas Commission., Proposal to create additional Inspector posts in every station., Criticism regarding the merger of associations across ranks (SI to SP) causing organizational instability.