ഇല്ലാത്ത മാവോവാദി ഭീഷണി നേരിടാൻ ‘ഗ്ലോക്ക്’ പിസ്റ്റൾ വാങ്ങാൻ പോലീസ്; 179 തോക്കുകൾക്ക് 1.66 കോടി

#വി.യു.മാത്യുക്കുട്ടി
ഗ്ലോക് തോക്കുകൾ| ഫോട്ടോ:https://twitter.com/pubity/status/1740165799044939883/photo/2
ഗ്ലോക് തോക്കുകൾ| ഫോട്ടോ:https://twitter.com/pubity/status/1740165799044939883/photo/2

കാസർകോട്: സംസ്ഥാനത്ത് മാവോവാദിഭീഷണി അവസാനിച്ചപ്പോൾ ഇവരെ നേരിടാൻ ഗ്ലോക്ക് പിസ്റ്റൾ വാങ്ങാൻ കേരള പോലീസ്. 179 ‘ഗ്ലോക്ക് 19 എക്സ്’ പിസ്റ്റളുകളാണ് വാങ്ങുന്നത്. 25 എണ്ണം വയനാട് ജില്ലയിലേക്കും ബാക്കി തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പുകൾക്കും വേണ്ടിയാണ്.

മാവോവാദികളെ നേരിടാൻ 2022-26 കാലത്തേക്ക് കേന്ദ്രം അനുവദിച്ച സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ സ്കീം പ്രയോജനപ്പെടുത്തിയാണ് 175 തോക്ക് വാങ്ങുന്നത്. നാലെണ്ണം പോലീസിന്റെ ആധുനികീകരണത്തിന് 2016-17-ൽ അനുവദിച്ച ഫണ്ടിൽ ബാക്കിവന്ന തുക ഉപയോഗിച്ചും. 1.66 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ചെന്നൈയിലെ കൗണ്ടർ മെഷേഴ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് തോക്ക് വാങ്ങുന്നത്.

പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും പശ്ചിമഘട്ട മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാവോവാദികളുടെ കബനി, ഭവാനി, ബാണാസുര, നാടുകാണി തുടങ്ങിയ ദളങ്ങളൊക്കെ ഇപ്പോൾ ഫലത്തിൽ ഇല്ലാതായി. ഇതിൽ പ്രവർത്തിച്ചിരുന്നവരിൽ ചിലർ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും മറ്റുചിലർ പിടിയിലാകുകയും ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തു.

ഇരുപതോളം മാവോവാദികൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും കണക്ക്. സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നാലുപേർ 2024 ഓഗസ്റ്റിൽ പോലീസിന്റെ പിടിയിലായി. ആറ് മാവോവാദികൾ ജനുവരിയിൽ കർണാടകയിൽ കീഴടങ്ങി. വയനാട് സ്വദേശി ജിഷ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്. ഇതോടെയാണ് ദളങ്ങളിൽ ആളില്ലാതായത്.

സംസ്ഥാനത്ത് മാവോവാദിസാന്നിധ്യം ഇല്ലാതായതോടെ മാവോവാദി ബാധിത മേഖലകളുടെ പട്ടികയിൽനിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തെ ഒഴിവാക്കുകയും ചെയ്തു. 735 കേസുകളാണ് സംസ്ഥാനത്ത് മാവോവാദികൾക്കെതിരേ രജിസ്റ്റർചെയ്തിരുന്നത്. 14 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരേയുള്ള കേസുകളുടെ അന്വേഷണവും തെളിവെടുപ്പും മറ്റ് നടപടികളും തുടരുന്നുണ്ട്. വനത്തിലുൾപ്പെടെ തിരച്ചിലും മാവോവാദിബാധിത മേഖലകളോട് ചേർന്നുള്ള പോലീസ് സ്റ്റേഷനുകളുടെ സുരക്ഷാചുമതലയും നിർവഹിച്ചിരുന്ന തണ്ടർബോൾട്ട് ഇപ്പോൾ മറ്റു ജോലികളാണ് ചെയ്യുന്നത്.

Content Highlights: Kerala Police Acquires Glock Pistols to Counter Residual Naxalite Threat