പി.എം.-ശ്രീ: സമ്മർദത്തിനിടെ 348 കോടി രൂപയുടെ കേന്ദ്രവിഹിതം

തിരുവനന്തപുരം: പി.എം.-ശ്രീ നടപ്പാക്കാനുള്ള സമ്മർദത്തിനിടെ, സമഗ്രശിക്ഷാ കേരള(എസ്.എസ്.കെ.)യ്ക്ക് 348 കോടി രൂപ അനുവദിക്കാൻ കേന്ദ്രത്തിൽ ധാരണ. വിദ്യാഭ്യാസ അവകാശ നിയമ(ആർ.ടി.ഇ.)ത്തിന്റെ ഭാഗമായുള്ള പദ്ധതികൾക്കായി 205 കോടി രൂപയും സ്റ്റാർസ് പദ്ധതിയിൽ 143 കോടി രൂപയും നൽകാനാണ് തീരുമാനമെന്ന് എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.എസ്. സുപ്രിയ ‘മാതൃഭൂമി’യോടു പറഞ്ഞു.
മൂന്നു മാസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തിവരുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ആർ.ടി.ഇ.യിൽ ഉൾപ്പെട്ട പാഠപുസ്തകം, യൂണിഫോം, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള പഠനപിന്തുണ എന്നീ ആവശ്യങ്ങൾക്കാണ് 205 കോടി രൂപ. 2023-24 മുതൽ 2025-26 വരെയുള്ള അധ്യയനവർഷങ്ങൾ കണക്കാക്കിയാണ് ഈ തുക.
ഇതിൽ 99 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇനി 106 കോടി രൂപ കിട്ടാനുണ്ട്. ഈ തുകയ്ക്കുപുറമേ, സ്റ്റാർസ് പദ്ധതിയിലുള്ള 143 കോടി രൂപകൂടി കേരളത്തിന് അനുവദിക്കാനാണ് ഈയിടെ കേന്ദ്രം വിളിച്ചുചേർത്ത പി.എ.ബി. (പ്ലാൻ അപ്രൂവൽ ബോർഡ്) യോഗത്തിലെ തീരുമാനം. പി.എം.ശ്രീയിൽ പങ്കാളിയായശേഷം ലഭിച്ച ഏറ്റവും വലിയ തുകയാണിത്.
പുതിയ അധ്യയനവർഷത്തെ എസ്.എസ്.കെ. വിഹിതത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എൽ.ഡി.എഫ്. സർക്കാർ ഒക്ടോബറിൽ പി.എം-ശ്രീ കരാർ ഒപ്പിട്ടശേഷം 92 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ പദ്ധതി മരവിപ്പിച്ചശേഷം തുകയൊന്നും നൽകിയില്ല. അതോടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാനം സ്വന്തംനിലയിൽ തുക ചെലവഴിക്കേണ്ടിവന്നു.
ഇതിനിടെയാണ് മാർച്ചിൽ 99 കോടി രൂപ അനുവദിച്ചത്. എന്നാൽ, മുൻപ് അനുവദിച്ച 92 കോടി രൂപ ഈ വിഹിതത്തിൽ വെട്ടിക്കിഴിച്ചു. ഇതിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി യു. വാസുകിയും എസ്.എസ്.കെ. ഡയറക്ടർ എ.എസ്. സുപ്രിയയും കത്തയച്ചതിനു പിന്നാലെ, ഈ നടപടി കേന്ദ്രം തിരുത്തി.
Content Highlights: Central government allocates Rs 348 crore to Samagra Shiksha Kerala. Funding covers RTE projects (Rs 205 crore) and STARS project (Rs 143 crore). Allocation spans the 2023-24 to 2025-26 academic years. Central government reversed the deduction of previous funds following state protests.