എൻസിപിയിൽ മന്ത്രി മാറ്റം? പിസി ചാക്കോയും തോമസ് കെ തോമസും ഡൽഹിയിലേക്ക്

കൊച്ചി: എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച് ഒരു തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ചേർന്ന എൻസിപി നേതൃയോഗം മന്ത്രിമാറ്റം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.
പാർട്ടിയുടെ മന്ത്രിയെ മാറ്റണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി അതിന് തയാറാകാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരത്തിൽ പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് എന്തിനാണ് മുന്നോട്ട് പോകുന്നതെന്നാണ് എൻസിപി നേതൃയോഗം ഉന്നയിച്ചത്.
എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സിപിഎം കേന്ദ്രനേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പിസി ചാക്കോ യോഗത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചായാണ് പിസി ചാക്കോയും തോമസ് കെ തോമസും ഡൽഹിയിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം. സിപിഎം നേതൃത്വവുമായി കൂടികാഴ്ച നടത്താനും കൂടാതെ മറ്റു രാഷ്ട്രീയ നീക്കങ്ങൾക്കും സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
അതേസമയം, മന്ത്രിസ്ഥാനത്ത് നിന്നും മാറുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എകെ ശശീന്ദ്രനും പിസി ചാക്കോയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Kerala NCP Minister Change Talks Heat Up