വിജയാഘോഷത്തിൽ മുസ്ലിം സ്ത്രീ-പുരുഷ സങ്കലനം പാടില്ല, ആഘോഷം മതചട്ടക്കൂടിൽ ഒതുങ്ങണം; വിമർശനവുമായി നാസർ ഫൈസി

#ന്യൂസ് ഡെസ്ക്ക്
നാസര്‍ ഫൈസി കൂടത്തായി
നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സ്ത്രീകളുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തെ എതിര്‍ത്ത് നാസര്‍ ഫൈസി കൂടത്തായി. ആഘോഷപ്രകടനങ്ങൾ ആഭാസകരമാകരുതെന്നും മുസ്ലിം സ്ത്രീകള്‍ പുരുഷന്മാരുമായി ഇടകലര്‍ന്നുള്ള ആഘോഷം ഒഴിവാക്കണമെന്നും നാസര്‍ ഫൈസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നാസര്‍ ഫൈസിയുടെ പോസ്റ്റ്.

വിജയാഹ്ളാദപ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് അമിതമാകുന്നതും അനിയന്ത്രിതമായ സ്ത്രീ-പുരുഷ സങ്കലനവും ഗുണകരമാവില്ലെന്നാണ് നാസര്‍ ഫൈസി വ്യക്തമാക്കുന്നത്. മുസ്ലിം സ്ത്രീ പുരുഷന്മാര്‍ രാഷ്ട്രീയത്തിലും മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ജനാധിപത്യ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിതവും ഇസ്ലാം മതം അനുവദിക്കുന്നതുമായ ഇടപെടലുകൾ ആവാം. ആഭാസം പാടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ജയത്തില്‍ മുസ്ലിം സ്ത്രീകളെ രംഗത്തിറക്കിയതിനെതിരേ കഴിഞ്ഞ ദിവസം സമസ്ത എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരവും വിമര്‍ശനമുന്നയിച്ചിരുന്നു. പെണ്‍കുട്ടികള്‍ തുറന്ന വാഹനത്തില്‍ കയറി നൃത്തംചെയ്ത് ആഘോഷിക്കുന്നത് മുസ്ലിം ഉമ്മത്തിന്റെ സാംസ്‌കാരിക അച്ചടക്കം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരുടെ താത്പര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

Content Highlights: Kerala Muslim Leader Questions Women's Election Victory Celebrations