എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം കൂട്ടുന്നു; ഐപാഡ് വാങ്ങാൻ 6.70 കോടി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ജനപ്രതിനിധികളുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വർധനയുണ്ടായേക്കുമെന്നാണ് വിവരം.

2018-ലാണ് സംസ്ഥാനത്ത് എം.എൽ.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവസാനമായി വർധിപ്പിച്ചത്. നിലവിൽ പ്രതിമാസം 70,000 രൂപ അലവൻസും മറ്റ് ആനുകൂല്യങ്ങളുമാണ് എം.എൽ.എമാർക്ക് ലഭിക്കുന്നത്.

നിലവിലെ ശമ്പളവും പ്രധാന ആനുകൂല്യങ്ങളും

നിശ്ചിത അലവൻസ്: ₹2,000

മണ്ഡലം അലവൻസ്: ₹25,000

ടെലിഫോൺ അലവൻസ്: ₹11,000

ഇൻഫർമേഷൻ അലവൻസ്: ₹4,000

മിനിമം യാത്രാക്കൂലി: ₹20,000

പുസ്തക അലവൻസ്: ₹15,000

മറ്റു ചെലവുകൾ: ₹8,000

ഇതിനുപുറമേ, ഓരോ കിലോമീറ്റർ യാത്രയ്ക്കും അധികമായി 10 രൂപ വീതം യാത്രാബത്തയും ലഭിക്കും. പ്രതിവർഷം 4 ലക്ഷം രൂപയുടെ റെയിൽവേ കൂപ്പണും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും ലഭ്യമാണ്. 10 ലക്ഷം രൂപവരെ പലിശരഹിത വാഹന വായ്പയും കുറഞ്ഞ പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ ഭവന വായ്പയും ജനപ്രതിനിധികൾക്ക് അനുവദിക്കുന്നുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കുന്നതോടെ വർധന നിലവിൽ വരും.

ഐപാഡ് വാങ്ങാൻ 6.70 കോടി

മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും ഐപാഡ് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. 480 ഐപാഡുകൾ വാങ്ങാൻ 6.70 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

Content Highlights: Kerala cabinet approved a bill to increase MLA and minister salaries, Last salary revision for MLAs happened in 2018., Details of current allowances including constituency, travel, and telephone allowances., Bill will be presented and passed in the upcoming legislative assembly session., Government sanctioned Rs 6.70 crore to purchase 480 iPads for ministers and personal staff.