കർഷകത്തൊഴിലാളിമുതൽ കറവക്കാർവരെയുള്ളവർക്ക് മിനിമം വേതനം കൂട്ടി; ജിമ്മിലെ ജോലിക്കാർക്കും മിനിമം വേതനം

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തിരുവനന്തപുരം: കർഷകത്തൊഴിലാളിമുതൽ കറവക്കാർവരെയുള്ളവരുടെ മിനിമം വേതനം കൂട്ടി സർക്കാർ. ജിംനേഷ്യം ജീവനക്കാരെ മിനിമം വേതനനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും തൊഴിൽവകുപ്പ് തീരുമാനിച്ചു. തുക എത്രയെന്ന്‌ നിശ്ചയിച്ചിട്ടില്ല.

കർഷകത്തൊഴിലാളികൾ, ക്ഷീരമേഖലയിൽ തൊഴിലെടുക്കുന്നവർ തുടങ്ങിയവരുടെ വേതനം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 2017-ൽ മിനിമം വേതനം കൂട്ടിയിരുന്നു. എട്ടുമണിക്കൂർ ജോലി കണക്കാക്കിയാണ് മിനിമം വേതനം.

സംഭരണശാലകൾ, കണ്ടെയ്‌നർ ചരക്കുസ്റ്റേഷൻ, പെയിന്റ് നിർമാണവ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിന്റെ പരിധിയിലാക്കി.

പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)

കർഷകത്തൊഴിൽ: കിള, ചുമട്, വരമ്പുകെട്ട്, ചെളികുത്ത്, കയ്യാലകെട്ടൽ, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളംകുത്തൽ, മരത്തിൽക്കയറി ചില്ലവെട്ടൽ: 830 രൂപ (490)

കളെയെടുപ്പ്, പായൽ വാരൽ, നടീൽ, വിത്തിടൽ, നെല്ല് ചാക്കിൽ നിറയ്ക്കൽ : 710 രൂപ (410)

ട്രാക്ടർ/ടില്ലർ ഉപയോഗിച്ചുള്ള ഉഴവ്: ഒരു മണിക്കൂറിന് 170 രൂപ (110)

യന്ത്രസഹായത്തിൽ കാടുവെട്ട്: ഒരു മണിക്കൂറിന് 160 രൂപ (100)

കറവ (ദിവസം രണ്ടുനേരം): 850 രൂപ (505)

കറവയും മറ്റുതൊഴിലും (ദിവസം രണ്ടുനേരം ): 940 രൂപ (570)

വിത്തുകാള പരിപാലനം: 940 രൂപ (570)

മാടിന് തീറ്റനൽകൽ, മാടിനെ കുളിപ്പിക്കൽ, തീറ്റകൊടുക്കൽ,

തൊഴുത്ത് വൃത്തിയാക്കൽ, ചാണകം വാരൽ, വൈക്കോൽ ഉണക്കൽ, കാലിത്തീറ്റ തുടങ്ങിയവ: 810 രൂപ (480)

വൈദഗ്ധ്യം വേണ്ടാത്ത നഴ്‌സറി ജോലികൾ: 730 രൂപ (420)

വൈദഗ്ധ്യം വേണ്ടവ: 830 രൂപ (490)

കവറിൽ മണ്ണുനിറയ്ക്കൽ: കവറിന് ഒരു രൂപ (50 പൈസ )

തോട്ടണ്ടി ശേഖരിക്കൽ: കിലോഗ്രാമിന് 20 രൂപ (12 )

തോട്ടത്തിൽ കാടുവെട്ട്, കിള, മരുന്നടി, വളമിടൽ: 710 രൂപ (410)

Content Highlights: Kerala Government Hikes Minimum Wages for Agricultural Labourers and Dairy Workers