ഡോക്ടർ നിയമനം: മന്ത്രിസഭാ യോഗത്തിൽ വീണാജോർജും കെ.എൻ. ബാലഗോപാലും തമ്മിൽ തർക്കം, ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ നിയമനത്തെച്ചൊല്ലി ആരോഗ്യ-ധനമന്ത്രിമാർ തമ്മിൽ തർക്കം. പുതിയതായി ആരംഭിച്ച കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലായി 180 ഡോക്ടർമാരെ നിയമിക്കാനുള്ള മന്ത്രി വീണാജോർജിന്റെ ആവശ്യത്തിന് ധനവകുപ്പ് ഉടക്കിട്ടതോടെ തർക്കം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലേക്കും നീളുകയായിരുന്നു.
രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടിൽ മന്ത്രി വീണാ ജോർജ് ക്ഷുഭിതയായി. സാമ്പത്തികപ്രതിസന്ധി കാരണം കൂടുതൽ തസ്തിക അനുവദിക്കാനാവില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയതോടെ, ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറി എ. ജയതിലകിനെ ചുമതലപ്പെടുത്തി.
നാലു മെഡിക്കൽ കോളേജുകളിലുമായി 180 ഡോക്ടർ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങൾക്കു മുൻപേ ധനവകുപ്പിനു കത്തയച്ചിരുന്നു. എന്നാൽ, കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിൽ 30 തസ്തിക സൃഷ്ടിക്കാമെന്ന ധനവകുപ്പ് തീരുമാനമാണ് ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള 34 ഡോക്ടർമാരെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാമെന്നായി ധനമന്ത്രിയുടെ നിലപാട്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ താങ്ങാവുന്നതിലേറെ രോഗികൾ വരുന്നുണ്ടെന്നും അവിടെയുള്ള ഡോക്ടർമാരെ മാറ്റിയാൽ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുമെന്നും മന്ത്രി വീണാ ജോർജ് വാദിച്ചു. നാലിടത്തും എംബിബിഎസ് പഠനവും നടക്കുന്നതിനാൽ, 180 തസ്തികതന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ നിയോഗിച്ചെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ, പരിഹാരം നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക.
Content Highlights: Kerala Medical College Doctor Recruitment Row: Health and Finance Ministers Clash Over Staffing Needs