ഡിജിറ്റൽ നിരീക്ഷണം: ജീവനക്കാർ ജോലിയെടുത്തില്ലെങ്കിൽ പഞ്ചായത്തിന് പണികിട്ടും; എല്ലാം ഡാഷ് ബോർഡിൽ

തിരുവനന്തപുരം: ഒരു ക്ലാർക്ക് ജോലിയിൽ ഉഴപ്പിയാൽമതി പഞ്ചായത്തിന്റെ ഗ്രേഡ് കുറയും. തദ്ദേശസ്ഥാപനങ്ങളിലെ ഓരോ ജീവനക്കാരന്റെയും മികവുനോക്കി ഡിജിറ്റൽ സിസ്റ്റം ഇനിമുതൽ മാർക്കിടും. മികവുകുറഞ്ഞവർക്ക് പരിശീലനം നൽകി നിലവാരമുയർത്തും.
തദ്ദേശസ്ഥാപനങ്ങളിൽ സേവനം വേഗത്തിലാക്കാൻ ഐ.കെ.എമ്മിന്റെ കെ-സ്മാർട്ടിൽത്തന്നെ ഡിജിറ്റൽ ഗ്രേഡിങ്ങും ജീവനക്കാരുടെ മുഴുവൻ സർവീസ് വിവരവും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംരക്ഷിക്കുന്ന ഇ.എച്ച്.ആർ.എം.എസും തയ്യാറായി. പൂർണമായും സിസ്റ്റം നിയന്ത്രിതമായ ഗ്രേഡിങ്ങിൽ മാനുഷിക ഇടപെടലുണ്ടാകില്ല.
ഡിജിറ്റൽ സിസ്റ്റത്തിൽ മാർക്കിടുന്നതോടെ മികച്ചജീവനക്കാർ ആരൊക്കെയെന്നതടക്കമുള്ള കാര്യം ഡാഷ്ബോർഡിൽ അറിയാം. ജീവനക്കാരുടെ കുറവ് ബാധിക്കുന്നുണ്ടോ, മനഃപൂർവം വീഴ്ചയുണ്ടായോ എന്നതൊക്കെ ഡിജിറ്റൽ സിസ്റ്റം സ്വയം രേഖപ്പെടുത്തും. ഒരാൾ ഫയൽ വൈകിച്ചാൽ ഓഫീസിലെ മുഴുവൻപേരുമറിയും. വീഴ്ച മനഃപൂർവമല്ലെങ്കിൽ കിലയുമായി ചേർന്ന് പരിശീലനം നൽകും. ജീവനക്കാരുടെ പ്രവർത്തനനിലവാരം വിലയിരുത്തുന്ന ഡിജിറ്റൽമാർക്ക് തദ്ദേശസ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിനെ ബാധിക്കും.
സേവനവിതരണം, ലൈസൻസിങ്, മാലിന്യസംസ്കരണം, പരാതിപരിഹാരം, നികുതിപിരിവ്, ധനവിനിയോഗ കൃത്യത തുടങ്ങിയവയിൽ ഡിജിറ്റൽ ബെഞ്ച് മാർക്ക് നിശ്ചയിച്ച് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനം ഡേറ്റയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ഗ്രേഡിങ് നടത്തുക.
സിസ്റ്റംതന്നെ സേവനകാലാവധി, ശാസനവിവരം, പരിശീലന യോഗ്യത എന്നിവ പരിശോധിച്ച് ജീവനക്കാരന്റെ പ്രോബേഷൻ പ്രഖ്യാപനത്തിന് അർഹത നിശ്ചയിക്കും. ജോലിഭാരവും തുല്യമായി വീതിക്കപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത. 1200 തദ്ദേശസ്ഥാപനങ്ങളിലെ മുപ്പതിനായിരത്തിലധികം ജീവനക്കാരുടെ വിവരങ്ങളാണ് ഒറ്റ പ്ലാറ്റ്ഫോമിലെത്തുന്നത്.
ജോലിക്കുള്ള അഡ്വൈസ് മെമ്മോമുതൽ പ്രൊബേഷൻ, സ്ഥാനക്കയറ്റം, അച്ചടക്കനടപടി, സ്ഥലംമാറ്റം, അവധി തുടങ്ങി പെൻഷനാകുന്നതുവരെയുള്ള വിവരങ്ങളാണ് ഇതിലുണ്ടാകുക. അവധി അപേക്ഷയും തീരുമാനവും ഓൺലൈനിലാകും.
Content Highlights: Kerala`s new digital system grades local body staff performance, impacting Panchayat grades. Improve services, ensure accountability.