അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത അംഗത്തെ വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയെടുപ്പിച്ചു

ഇരിട്ടി: അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത അംഗത്തെ വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിച്ചു. ഇരിട്ടി നഗരസഭയിലെ നരയൻപാറ വാർഡിൽനിന്ന് വിജയിച്ച എസ്ഡിപിഐ അംഗം പി. സീനത്താണ് ആദ്യം അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത്. അതിനുശേഷം ഒപ്പിടാൻ സമയത്ത് വരണാധികാരി ഇടപെടുകയും വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
നിർദേശം അംഗീകരിച്ച സീനത്ത് വീണ്ടും ഈശ്വരനാമത്തിൽ പ്രതിജ്ഞയെടുത്തു. ഇരിട്ടി വാർഡിൽനിന്ന് വിജയിച്ച മുസ്ലിം ലീഗ് അംഗം വി.പി. അബ്ദുൾ റഷീദ് സത്യവാചകത്തിൽ ദൈവനാമത്തിൽ എന്ന് പറഞ്ഞപ്പോൾ വാരണാധികാരി ഇടപെടുകയും ഈശ്വരനാമത്തിൽ എന്ന് മാറ്റിച്ചൊല്ലാൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം എസ്ഡിപിഐ അംഗങ്ങളും ആദ്യ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളും വരണാധികാരിയുടെ നടപടിയിൽ പ്രതിഷേധിച്ചു.
ചട്ടത്തിൽ ഈശ്വരനാമത്തിൽ എന്ന് പറയുന്നത് കൊണ്ടാണ് വീണ്ടും മാറ്റിച്ചൊല്ലാൻ ആവശ്യപ്പെട്ടതെന്ന് വരണാധികാരി ‘മാതൃഭൂമി’യോട് പറഞ്ഞു. ചട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അയ്യപ്പൻ, മൂകാംബികദേവി, ശ്രീരാമചന്ദ്രൻ…
കണ്ണൂർ: സ്വാമി അയ്യപ്പന്റെയും മറ്റ് ഹിന്ദുദൈവങ്ങളുടെയും പേരിൽ പ്രതിജ്ഞയെടുത്ത് കണ്ണൂർ കോർപ്പറേഷനിലെ ബിജെപിയുടെ കൗൺസിലർമാർ. കോൺഗ്രസ് കൗൺസിലർ ശ്രീനാരായണഗുരുവിന്റെയും പേരിൽ പ്രതിജ്ഞയെടുത്തു.
കൊക്കേൻപാറയിലെ ബിജെപി കൗൺസിലർ പി. മഹേഷാണ് സ്വാമി അയ്യപ്പന്റെ പേരിൽ പ്രതിജ്ഞയെടുത്തത്. തുളിച്ചേരിയിലെ എ.കെ. മജേഷ് ശ്രീരാമചന്ദ്രന്റെ പേരിൽ പ്രതിജ്ഞയെടുത്തു. തളാപ്പ് ഡിവിഷനിൽ നിന്നുള്ള അർച്ചനാ വണ്ടിച്ചാൽ തളാപ്പ് സുന്ദരേശ്വര നാമത്തിലായിരുന്നു പ്രതിജ്ഞയെടുത്തത്. തളാപ്പിൽ ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രം ഉൾപ്പെടുന്ന ഡിവിഷനെയാണ് അർച്ചന പ്രതിനിധാനംചെയ്യുന്നത്.
പള്ളിക്കുന്ന് ഡിവിഷനിലെ ദീപ്തി വിനോദ് പള്ളിക്കുന്ന് മൂകാംബികദേവിയുടെ പേരിൽ പ്രതിജ്ഞയെടുത്തു. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ഈ ഡിവിഷനിലാണ്. താളിക്കാവ് ഡിവിഷനിൽനിന്ന് ജയിച്ച അജിത്ത് പാറക്കണ്ടിയാണ് ശ്രീനാരായണഗുരുവിന്റെ പേരിൽ പ്രതിജ്ഞയെടുത്തത്. മുസ്ലിം ലീഗ്, എസ്ഡിപിഐ കൗൺസിലർമാരെല്ലാം അല്ലാഹുവിന്റെ പേരിൽ പ്രതിജ്ഞയെടുത്തു.
Content Highlights: oath ceremony kerala local body