'സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനം'; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം ഹെെക്കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
സ്ത്രീകളെ ഇത്രത്തോളം ബാധിച്ച വിഷയം ചർച്ച ചെയ്തില്ല എന്നത് സഭയ്ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായതിനാലാണ് ചർച്ച അനുവദിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ബുധനാഴ്ച സഭയിലെ ചോദ്യോത്തര വേളയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2019-ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സഭയിൽ അന്ന് പ്രതികരിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചത് ഒന്നാം പിണറായി സർക്കാരാണെന്നും സജി ചെറിയാൻ പറഞ്ഞു. കർണാടകയിൽ ഇത്തരമൊരു കമ്മിറ്റി നിയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് കേരളത്തിനെ മാതൃകയാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: kerala legislative assembly hema committee report urgent resolution denied