ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയടക്കം ഇടത്-വലത് നേതാക്കളുടെ പേരുകൾ; രേഖയുമായി ഷോൺ ജോർജ്

#മാതൃഭൂമി ന്യൂസ്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി അടക്കം കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ പേരുമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ എസ്എഫ്‌ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖയാണെന്ന് അവകാശപ്പെട്ടാണ് ഷോൺ ജോർജ് ഇത് പുറത്തുവിട്ടത്.

മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപ നൽകിയെന്നാണ് രേഖയിൽ പറയുന്നത്. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ അടക്കം ഇടത്-വലത് നേതൃനിരയിലെ പലരുടെയും പേരുകൾ പുറത്തുവിട്ട പട്ടികയിലുണ്ട്‌. ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പ് എന്ന നിലയിലാണ് ഡയറിക്കുറിപ്പ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് പറയുന്നു.

പുറത്തുവന്ന ഡയറി കുറിപ്പിന്റെ ആധികാരികത വ്യക്തമാക്കാൻ ഷോൺ ജോർജ് തയ്യാറായില്ല. തനിക്ക് മറ്റൊരു ഓൺലൈൻ മാധ്യമത്തിന്റെ പക്കൽനിന്നാണ് രേഖ ലഭിച്ചതെന്നാണ് ഷോൺ ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

എന്നാൽ ഇടത്-വലത് നേതാക്കളെ കൂടാതെ ചില ബിജെപി നേതാക്കളുടെ പേരുകളും ഉണ്ടെന്ന സൂചനകളുമുണ്ട്. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ ബിജെപി നേതാക്കൾ ആരുടെയും പേരുകൾ ഉൾപ്പെടുന്നില്ല.