സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, ശ്രമിച്ചത് നീതിയും തുല്യതയും ഉറപ്പുവരുത്താൻ- മന്ത്രി ആർ ബിന്ദു

പാലാക്കാട്: കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും തെറ്റായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുന്നതാണ് ലിസ്റ്റെന്നും ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണെന്നുമുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാന സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അടുത്ത വർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന പ്രോസ്പെക്ട്സ് തയറാക്കാൻ സാധിക്കും. മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വിദ്യാർഥികൾക്ക് നീതിയുറപ്പാക്കേണ്ട വിഷയമെന്ന നിലയിൽ എൻട്രൻസ് കമ്മീഷണർ അടക്കം മുന്നോട്ടുവച്ചിട്ടുള്ള നിർദേശം സംസ്ഥാന സർക്കാരിന് പരിഗണിക്കാതിരിക്കാൻ സാധിക്കുകയില്ല. എല്ലാ വിദ്യാർഥികൾക്കും നീതിയും തുല്യതയും ഉറപ്പാക്കുകയെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെങ്കിൽ പിന്നെ കോടതിയാണോ ഉത്തരവാദി എന്ന ചോദ്യത്തിന് അത് ആലോചിച്ചാൽ മനസിലാകുമല്ലോയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അടുത്ത വർഷം ഒരു കോടതിക്കും നിരസിക്കാൻ സാധിക്കാത്ത വിധത്തിൽ വിഷയം കൃത്യമായ നിലയിൽ കൈകാര്യം ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അവർ വ്യക്തമാക്കി.
പരീക്ഷ എഴുതിയ ഭൂരിപക്ഷം വരുന്ന വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം അനീതിയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. 2012 മുതൽ തുടർന്നുവരുന്ന ഫോർമുലയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു വൈജാത്യം സംഭവിക്കുന്നതിന് പിന്നിലെന്ന് മനസിലായി. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്തുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദുചെയ്തു. മേൽക്കോടതിയും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചു. എഐസിടിഇയുടെ സമയക്രമം പാലിച്ച് അഡ്മിഷൻ നടത്തേണ്ടതിനാൽ 2012 മുതൽ തുടർന്നുവരുന്ന ഫോർമുല പ്രകാരം റാങ്ക് പട്ടിക തയാറാക്കി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. മന്ത്രി പറഞ്ഞു.
Content Highlights: Minister R. Bindu clarifies on KEAM controversy, stating the government aimed for fairness