ബുൾഡോസർ രാജ് വിവാദങ്ങൾക്കിടയിൽ ശിവഗിരിയിൽ വേദി പങ്കിട്ട് കേരള, കർണാടക മുഖ്യമന്ത്രിമാർ

#സ്വന്തം ലേഖകൻ
ശിവഗിരി തീർത്ഥാടന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു | Photo: Screengrab/Mathrubhumi News
ശിവഗിരി തീർത്ഥാടന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു | Photo: Screengrab/Mathrubhumi News

തിരുവനന്തപുരം: ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ വേദിയിൽ ഒന്നിച്ചെത്തി കേരള, കർണാടക മുഖ്യമന്ത്രിമാർ. വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന് ശിവഗിരി തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ബുൾഡോസർ രാജ് വിവാദത്തിൽ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയത്. ബുധനാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി വെച്ചാണ് മുഖ്യമന്ത്രി എത്തിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് സിദ്ധരാമയ്യ ആയിരുന്നു. അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി. ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ രചിച്ച പുസ്തകം സിദ്ധരാമയ്യക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു.

ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന അസംബന്ധ പ്രവണതകൾക്കെതിരെയാണ് ഗുരുവിന്റെ വാക്കുകളും പ്രവർത്തികളും ഉണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു. ദൈവദശകം, ദർശനമാല, ആത്മോപദേശ ശതകം തുടങ്ങിയ ഗുരുവിന്റെ കൃതികൾ ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളിൽ നിന്നാണ് പിറവിയെടുത്തത്. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുക എന്നതായിരുന്നു ഗുരുവിന്റെ സന്ദേശം. ജാതിയുടെ കന്മതിലുകൾ തകർക്കാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. ബ്രാഹ്മണ്യത്തെയും നാടുവാഴിത്തത്തെയും വെല്ലുവിളിച്ചുകൊണ്ട് അടിച്ചമർത്തപ്പെട്ടവരുടെ വിപ്ലവത്തിനാണ് ഗുരു തുടക്കം കുറിച്ചത്.

അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19 ആം നൂറ്റാണ്ടിന്റെ അവസാനം കേരള നവോത്ഥാനം ആരംഭിച്ചത്. ക്ഷത്രിയ ബ്രഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. അന്ന് ജാതി ഒരു നിയമ വ്യവസ്ഥ കൂടെയായിരുന്നു. ഓരോ ജാതികൾക്കും ഓരോ നിയമങ്ങൾ. സവർണ്ണൻ അവർണനെ തല്ലിക്കൊന്നാൽ ശിക്ഷയില്ല. മനുഷ്യൻ മനുഷ്യനെ അടിമയാക്കി ചൂഷണം ചെയ്തിരുന്ന വ്യവസ്ഥിതിയുടെ നട്ടെല്ലായിരുന്ന ബ്രാഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തകളുടെ ആയുധം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ബഹുസ്വരത തകർക്കപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ചരിത്രത്തേയും സംസ്ക്കാരത്തേയും ദേശീയ തലത്തിൽ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഐതിഹ്യങ്ങളേയും കൽപ്പിത ഭാവനകളേയും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുകയാണ്. ഗുരുവിൻ്റെ പാതയിലൂടെയാണ് കേരളാ സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇതിന് ഉദാഹരണമാണ്. അധികാരം കൈയ്യിലുള്ളവർ അസംബന്ധം പഠിപ്പിച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ട് പോകുകയാണ്. ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ്. ഗുരുദേവദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala CM Pinarayi Vijayan and Karnataka CM Siddaramaiah unite at Shivagiri Pilgrimage, amidst political debates. Vijayan leaves before Siddaramaiah`s speech.