'ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നു'; ജയില്‍ സുരക്ഷയില്‍ വിള്ളല്‍

തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥരുടെ അച്ചടക്കമില്ലായ്മയും എണ്ണക്കുറവും സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാവീഴ്ചയുണ്ടാക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാജയിലിൽ റിമാൻഡ് പ്രതിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സുരക്ഷാവീഴ്ച കാരണമായതായി ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ പദ്ധതികൾ കാര്യക്ഷമമാക്കാത്തതും മേലുദ്യോഗസ്ഥരുടെ നിർദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതുമാണ് സുരക്ഷാവീഴ്ചയുണ്ടാക്കുന്നത്.
ഡ്യൂട്ടിസമയത്തും അല്ലാതെയും ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന ഉത്തരവുകളും ജയിൽ മേധാവിയുടെ സർക്കുലറുകളും ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. പല ജയിലുകളിലും ഫോൺ ബോക്സുകളോ രജിസ്റ്ററുകളോ ഇല്ല.
ഉദ്യോഗസ്ഥരിൽ ചിലർ ഡ്യൂട്ടിക്കിടയിൽ സാമൂഹികമാധ്യമങ്ങളിൽ സജീവമാകുന്നതുകാരണം തടവുകാരെ ശ്രദ്ധിക്കുന്നില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയിലുകളിൽ സംഘർഷങ്ങളുണ്ടായ സമയങ്ങളിലും പ്രതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്ദർഭങ്ങളിലുമെല്ലാം സുരക്ഷയ്ക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ജയിലുകളിൽ എൻട്രി കേഡറിലെ ഉദ്യോഗസ്ഥരുടെ കുറവും സുരക്ഷാ ക്രമീകരണങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തടവുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനുപാതം 6:1 ആകണമെന്നിരിക്കെ നാൽപ്പതോളം തടവുകാരുടെ സുരക്ഷയ്ക്ക് ഒരു ഉദ്യോഗസ്ഥൻ എന്നതാണ് നിലവിലെ അവസ്ഥ. പല ജയിലുകളിലും മൂന്നു ബ്ലോക്കുകൾവരെ ഒരു ഉദ്യോഗസ്ഥൻ നിരീക്ഷിക്കേണ്ടിവരുന്നുണ്ട്.
Content Highlights: kerala jails duty officers on social media security issue