ഉദ്യോഗസ്ഥർക്ക് യൂണിഫോം ധരിക്കാൻ മടി; ആ ‘പണി’ വേണ്ടെന്ന്‌ ജയിൽവകുപ്പ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാസർകോട്: ജയിലുകളിലെ എക്സിക്യുട്ടീവ് വിഭാഗം ഉദ്യോഗസ്ഥർക്ക് യൂണിഫോം ധരിക്കാൻ മടി. ജയിൽ ആസ്ഥാന കാര്യാലയത്തിലെത്തുമ്പോഴും ഡ്യൂട്ടിസമയത്തും പലപ്പോഴും ഇവർ യൂണിഫോം ധരിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജയിലുകളിലെ എല്ലാ എക്സിക്യുട്ടീവ് വിഭാഗം ഉദ്യോഗസ്ഥരും ഡ്യൂട്ടിസമയത്ത് പൂർണ യൂണിഫോം ധരിക്കണമെന്ന് ജയിൽ ആസ്ഥാനകാര്യ ഡി.ഐ.ജി നിർദേശം നൽകി.

കഴിഞ്ഞദിവസം ഒരു അസി. പ്രിസൺ ഒാഫീസർ യൂണിഫോം ധരിക്കാതെ ആസ്ഥാനകാര്യാലയത്തിലെത്തി ജയിൽ ഡി.ജി.പി.യുടെ മുന്നിൽ ഹാജരായതോടെയാണ് കാര്യം ചൂടുപിടിച്ചത്. തുടർന്നുനടത്തിയ പരിശോധനയിൽ പല എക്സിക്യുട്ടീവ് വിഭാഗം ഉദ്യോഗസ്ഥരും കൃത്യമായി യൂണിഫോം ധരിക്കുന്നില്ലെന്നു കണ്ടെത്തി. ജയിലിൽ ഡ്യൂട്ടിക്കുള്ളവർക്കു പുറമേ ജയിലിലെ വാണിജ്യ, വ്യാവസായിക സംരംഭങ്ങളായ ഫ്രീഡം ഫുഡ് യൂണിറ്റ്, ഫ്യുവൽ ഒൗട്ട്‌ലെറ്റ്, നിർമാണ യൂണിറ്റ് എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ളവരും പലപ്പോഴും യൂണിഫോം ധരിക്കുന്നില്ലെന്നു വ്യക്തമായി.

യൂണിഫോം ധരിക്കാതെ ജയിൽവകുപ്പ്‌ മേധാവിയുടെ മുൻപിൽ ഹാജരായത് അച്ചടക്കലംഘനമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി. ഒാഫീസുകൾ എന്നിവിടങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ കൃത്യമായി യൂണിഫോം ധരിക്കണമെന്നുള്ള നിർദേശം. ഡ്യൂട്ടിസമയത്ത് ഉദ്യോഗസ്ഥർ പൂർണ യൂണിഫോം ധരിക്കുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ടുമാർ ഉറപ്പാക്കുകയും വേണം.

Content Highlights: Executive officers in Kerala jails must wear full uniforms during duty hours., The directive was issued by the Jail Headquarters DIG following a disciplinary breach., An assistant prison officer appeared before the Jail DGP without a uniform, triggering the investigation., Officers working in commercial units like Freedom Food and fuel outlets were also found avoiding uniforms., Jail superintendents must ensure all staff strictly comply with the uniform policy.