കേന്ദ്രം അനുവദിച്ച കൽക്കരിയിൽ തൊടാൻ കേരളം; 25 വർഷത്തേക്ക് പ്രതിദിനം 500 മെഗാവാട്ട് ലഭ്യമാകും, ടെൻഡർ ക്ഷണിച്ച് KSEB

#ടി.ജെ. ശ്രീജിത്ത്
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

കൊച്ചി: കേന്ദ്രസർക്കാർ രണ്ടുവർഷം മുൻപ് അനുവദിച്ച കൽക്കരി വിഹിതത്തിൽ തൊടാൻ ഒടുവിൽ കേരളം തീരുമാനിച്ചു. താപവൈദ്യുത നിലയങ്ങളിൽനിന്ന് 25 വർഷത്തേക്ക് പ്രതിദിനം 500 മെഗാവാട്ട് ലഭ്യമാക്കാനുള്ള ടെൻഡർ വൈദ്യുതിബോർഡ് ക്ഷണിച്ചു. കേരളത്തിനായി വൈദ്യുതി ഉത്പാദിപ്പിക്കാൻ തയ്യാറാകുന്ന കമ്പനികൾക്ക് കോൾ ഇന്ത്യ ലിമിറ്റഡിൽനിന്നാണ് കൽക്കരി ലഭ്യമാക്കുക. സംസ്ഥാനത്തിന് 24 മണിക്കൂറും ഈ വൈദ്യുതി ലഭിക്കുമെന്നതിനാൽ വൈദ്യുതിക്ഷാമം നേരിടുന്ന രാത്രികാലങ്ങളിൽ ഇതൊരു ആശ്വാസമാകും.

കേന്ദ്രസർക്കാർ ’ശക്തി’ പദ്ധതിയിലുൾപ്പെടുത്തി 2024 ഓഗസ്റ്റിൽ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ കൽക്കരി കേരളത്തിന് അനുവദിച്ചിരുന്നു. തുടർനടപടികളില്ലാതെ രണ്ടുവർഷം ഈ വൈദ്യുതി കേരളം പാഴാക്കുകയായിരുന്നു. അനുവദിക്കപ്പെട്ട കൽക്കരി, താപവൈദ്യുതനിലയങ്ങൾക്ക് കൈമാറി ദീർഘകാല കരാറിലൂടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളുണ്ടായില്ല.

കൽക്കരി വിഹിതം മുൻപ് പാഴാക്കിയ ചരിത്രം കേരളത്തിനുണ്ട്. കേന്ദ്രസർക്കാർ 2007-ൽ കേരളത്തിന് ഒഡിഷയിലെ താൽച്ചറിലെ ഭൈതരണിയിൽ കൽക്കരിപ്പാടം അനുവദിച്ചിരുന്നു. ഏഴുവർഷമായിട്ടും ഈ കൽക്കരി കേരളം പ്രയോജനപ്പെടുത്തിയില്ല. തുടർന്ന് കൽക്കരിപ്പാടം 2014-ൽ കേന്ദ്രം തിരിച്ചെടുത്തു. സമാനമായി ഇതും റദ്ദായിപ്പോകും എന്ന ആശങ്ക ഉയരവേയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളോട് 2027 ജൂൺ മുതൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് കേരളത്തിന് അർഹമായ കൽക്കരിയാണ് കമ്പനികൾക്ക് കൈമാറുക എന്നതിനാൽ പരമാവധി വിലക്കുറവിൽ വൈദ്യുതി ലഭിക്കുമോയെന്നായിരിക്കും വൈദ്യുതിബോർഡ് പരിശോധിക്കുക. വിവാദമായതിനെ തുടർന്ന് റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതിയും അന്ന് കേരളത്തിന് ലഭിച്ചത് കൽക്കരി വിഹിതം കൈമാറിയതിലൂടെയായിരുന്നു. അതുകൊണ്ടാണ് യൂണിറ്റിന് 4.69 രൂപയ്ക്ക് വൈദ്യുതി ലഭിച്ചത്.

ഇത്തവണയും ഇതിനോട് അടുപ്പിച്ചുള്ള വിലയിൽ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതിബോർഡ്. അതേസമയം, വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരമായി കൽക്കരി ഇന്ധനമായി പ്രവർത്തിക്കുന്ന താപനിലയം തുടങ്ങിക്കൂടെയെന്ന കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ നിർദേശത്തോട് കേരളം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Content Highlights: KSEB invites tenders for 500 MW thermal power for a 25-year period starting June 2027., Utilizes the central coal quota allocated under the 'Shakti' scheme after a two-year delay., Power will be sourced via Coal India Ltd to help overcome severe night-time electricity shortages in Kerala., Past instances of wasted coal allocations like the 2007 Talcher coal block prompted timely action.