IAS തലപ്പത്ത് വൻ അഴിച്ചുപണി; എംജി രാജമാണിക്യത്തെ മാറ്റി, എൻ.പ്രശാന്ത്‌ KSEB ചെയർമാൻ, ഷർമിള മേരി ജോസഫിനും മാറ്റം

#ന്യൂസ് ഡെസ്ക്
എം ജി രാജമാണിക്യം, എൻ പ്രശാന്ത് | മാതൃഭൂമി
എം ജി രാജമാണിക്യം, എൻ പ്രശാന്ത് | മാതൃഭൂമി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം ജി രാജ്യമാണിക്യത്തെ മാറ്റി കെ.എസ്.ഇ.ബി ചെയർമാൻ, മാനേജിങ് ഡയറക്ടറായി എൻ പ്രശാന്തിനെ നിയമിച്ചു. കായിക-യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് കെ.എസ്.ഇ.ബി ചെയർമാന്റെ മാറ്റം.

കെ.ആർ ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു കെ.ആർ ജ്യോതിലാൽ. ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. അനുപമ ടി.വി ഐഎഎസ് ആണ് പുതിയ ധനകാര്യവകുപ്പ് സെക്രട്ടറി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് ടി.വി. അനുപമയെ മാറ്റിയത്. ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നേരത്തെ വാർത്തയായിരുന്നു. മിൻഹാജ് ആലം ഐഎഎസ് ആണ് ധനകാര്യ വകുപ്പ് പുതിയ അഡീഷണൽ ചീഫ് സെക്രട്ടറി. 

ഡോ. ഷർമിള മേരി ജോസഫ് ഐഎഎസിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഡോ. ഷർമിള.  ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള അസ്വാരസ്യങ്ങൾക്കിടെയാണ്  ശർമിളയുടെ മാറ്റം. മുഹമ്മദ് ഹനീഷ് എ.പി.എം. ഐഎഎസ് ആണ് ആരോഗ്യവകുപ്പിലെ പുതിയ  അഡീഷണൽ ചീഫ് സെക്രട്ടറി. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.

മറ്റ് ചുമതലകളിലെ മാറ്റങ്ങൾ

പുനീത് കുമാർ ഐഎഎസ്: വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോഓർഡിനേഷൻ & പ്രോഗ്രാം മാനേജ്മെന്റ് വിഭാഗം OSD തസ്തികയുടെയും ന്യൂഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ തസ്തികയുടെയും ചുമതല തുടരും.

ഡോ. എം. ബീന ഐഎഎസ്: കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചെത്തിയതിനെ തുടർന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

ഡോ. വീണ എൻ. മാധവൻ ഐഎഎസ്: കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കാർഷിക ഉൽപ്പാദന കമ്മീഷണറുടെ അധിക ചുമതലയും വഹിക്കും.

സുഹാസ് എസ്. ഐഎഎസ്: ഇലക്ട്രോണിക്‌സ് & ഐ.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. വ്യവസായ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചുമതലയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എം.ഡി. ചുമതലയും തുടരും.

ശ്രീറാം സാമ്പശിവ റാവു ഐഎഎസ്: പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി. എക്‌സൈസ് കമ്മീഷണർ ചുമതല തുടർന്നും വഹിക്കും.

പി. ബി. നൂഹ് ഐഎഎസ്: തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

ജാഫർ മലിക് ഐഎഎസ്: ജിഎസ്ടി വകുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.

അഫ്‌സാന പർവീൺ ഐഎഎസ്: മിൽമ മാനേജിങ് ഡയറക്ടറായും നോർക്ക റൂട്ട്‌സ് സി.ഇ.ഒ ആയും നിയമിച്ചു.

അനു കുമാരി ഐഎഎസ്: ടൂറിസം ഡയറക്ടറായി നിയമിച്ചു.

Content Highlights: N Prasanth appointed as KSEB Chairman and Managing Director., MG Rajamanickam transferred to Local Self Government Department., KR Jyothilal appointed Additional Chief Secretary for Home and Vigilance., Anupama TV named new Finance Department Secretary.