പ്രസവം വീട്ടിൽ, ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി; രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ

#സ്വന്തം ലേഖിക
പ്രതീകാത്മകചിത്രം | Photo: Getty Images
പ്രതീകാത്മകചിത്രം | Photo: Getty Images

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നൽകിയത്. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിൻ ഗർഭകാലചികിത്സ തേടിയത്. ഒക്ടോബർ 28 പ്രസവ തീയതിയായി ആശുപത്രിയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രസവവേ​ദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് ​വാങ്ങി വരികയും അതുപയോ​ഗിച്ച് പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു.

രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വർക്കർ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, ഇതുവരെ ജനന സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. 

​ഒരു സ്ത്രീ ​ഗർഭിണിയായാൽ അത് പൊതുജന ആരോ​ഗ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നിരിക്കെ ഇതൊന്നും ഇവർ പാലിച്ചിട്ടില്ലെന്നും മതിയായ രേഖകൾ ഇല്ലെന്നുമാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ പ്രസവം നടന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു.
 

Content Highlights: Kerala man complains his child was denied a birth certificate because of a home birth