‘പ്രതിചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ, എന്തൊക്കെ അസംബന്ധങ്ങളാണ് ഇവിടെ നടക്കുന്നത്’- ഹൈക്കോടതി

കൊച്ചി: മുൻദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ.പി. ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുക കൂടി ചെയ്തു.
എ. പത്മകുമാറിന്റെ ജാമ്യ ഹർജി പരിഗണിക്കവെ അവസാനഘട്ടത്തിൽ 'ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ ആളാണ് പത്മകുമാർ. 50 ദിവസത്തിലേറെയായി ജയിലിലാണ്. അതുകൊണ്ട് കരുണ കാണിക്കണം.' എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു.
ഈ സാഹചര്യത്തിലാണ് കെ.പി. ശങ്കരദാസിനെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തിയത്. 'പത്മകുമാറിനൊപ്പമുള്ള മറ്റൊരു ദേവസ്വം ബോർഡ് അംഗം കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പോയി കിടക്കുകയാണ്. ഇപ്പോഴും അയാൾ ആശുപത്രിയിലാണ്. അതുകൊണ്ടുതന്നെ പോലീസിന് അയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.' കോടതി ചൂണ്ടിക്കാട്ടി.
'ശങ്കരദാസിന്റെ മകൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഇതെല്ലാം കോടതി ശ്രദ്ധിക്കുന്നുണ്ട്. എന്തൊക്കെ അസംബന്ധങ്ങളാണ് ഈ നാട്ടിൽ നടക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളോടൊന്നും കോടതിക്ക് യോജിക്കാൻ കഴിയില്ല.' ജസ്റ്റിസ് എ. ബദറുദീൻ വ്യക്തമാക്കി. കെ.പി. ശങ്കരദാസിന്റെ മകൻ ഡിഐജി ഹരിശങ്കർ ആണ് എന്നതടക്കമുള്ള കാര്യങ്ങൾ മുഖവിലയ്‌ക്കെടുത്തുകൊണ്ട് പോലീസിനെയും എസ്‌ഐടിയെയും പ്രതിരോധത്തിലാക്കുകയാണ് കോടതി ഇന്ന് ചെയ്തിരിക്കുന്നത്.
Content Highlights: Kerala High Court criticizes former Devaswom Board member K.P. Sankaradas for allegedly feigning illness after being named in the Sabarimala gold heist case. Court questions state`s `absurdities`.