നിയമപരമായ രേഖകളിൽ 'ദത്തുപുത്രൻ/പുത്രി' പ്രയോഗങ്ങൾ വേണ്ട, ‘മകൾ/മകൻ’ എന്ന് മതി- ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
ഹൈക്കോടതി | Photo: PTI
ഹൈക്കോടതി | Photo: PTI

കൊച്ചി: സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമരേഖകളിൽ ബന്ധം രേഖപ്പെടുത്തുമ്പോൾ 'ദത്തെടുക്കപ്പെട്ട മകൾ' എന്നോ 'ദത്തെടുക്കപ്പെട്ട മകൻ' എന്നോ പ്രത്യേകമായി ചേർക്കുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. ഇത്തരം സർട്ടിഫിക്കറ്റുകളിൽ 'മകൾ' അല്ലെങ്കിൽ 'മകൻ' എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

തൃശ്ശൂർ സ്വദേശിയായ ഹർജിക്കാരിയുടെ പിതാവിന്റെ മരണശേഷം തൃശ്ശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ബന്ധത്തിന്റെ സ്ഥാനത്ത് 'ദത്തെടുക്കപ്പെട്ട മകൾ' എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നേരത്തെ മാതാവിന്റെ മരണശേഷം നൽകിയ സർട്ടിഫിക്കറ്റിലും വില്ലേജ് ഓഫീസിൽ നിന്നുള്ള ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും 'മകൾ' എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിന്റെ വൈകാരികതയും വ്യക്തിഗത സ്വകാര്യതയും പരിഗണിച്ച് ഹർജിക്കാരിയുടെ യഥാർത്ഥ പേരിന് 'അൻമോൾ' എന്ന പേരാണ് കോടതി വിധിന്യായത്തിൽ ഉപയോഗിച്ചത്. 1990-ൽ ജനിച്ച് ഒരു മാസത്തിനുള്ളിലാണ് ഇവരെ ദത്തെടുത്തത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അനന്തരാവകാശ സർട്ടിഫിക്കറ്റുകളിൽ 'ദത്തെടുക്കപ്പെട്ട മകൾ/മകൻ' എന്ന് രേഖപ്പെടുത്താൻ പ്രത്യേക ഓപ്ഷൻ ഉണ്ടെന്നും കൃത്യത ഉറപ്പാക്കാനാണ് ഇത് നൽകിയതെന്നുമായിരുന്നു റവന്യൂ അധികൃതരുടെ വിശദീകരണം.

1956-ലെ ഹിന്ദു ദത്തെടുക്കലും പരിപാലനവും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം, ദത്തെടുക്കപ്പെടുന്ന തീയതി മുതൽ ആ കുട്ടി എല്ലാ കാര്യങ്ങളിലും ദത്തെടുത്ത മാതാപിതാക്കളുടെ സ്വന്തം കുട്ടിയായി മാറുന്നു. സമൂഹവും നിയമവും ഒരു കുട്ടിയെ വളർത്തുമതാപിതാക്കളുടെ മകനായോ മകളായോ അംഗീകരിക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ 'ദത്തെടുത്തത്' എന്ന് പ്രത്യേക വിശേഷണം ചേർക്കേണ്ടതില്ല. ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തെടുക്കപ്പെട്ട കുട്ടികളെ വേർതിരിച്ചു കാണിക്കുന്ന ഓപ്ഷൻ സർക്കാർ ഉടനടി നീക്കം ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

'ദത്തെടുക്കപ്പെട്ട മകൾ' എന്ന് രേഖപ്പെടുത്തി തൃശ്ശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരിയുടെ ബന്ധം 'മകൾ' എന്ന് മാത്രം രേഖപ്പെടുത്തി രണ്ടാഴ്ചയ്ക്കകം പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തൃശ്ശൂർ തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തെടുക്കപ്പെട്ട കുട്ടികളെ വേർതിരിച്ചു കാണിക്കുന്ന ഓപ്ഷൻ നീക്കം ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്താനും സംസ്ഥാന സർക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ചു.